മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് വെല്ലുവിളി

മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുമെന്ന് ഉച്ചഭാഷണിയിലൂടെ ഭീഷണി. പൊലീസ് സാന്നിധ്യത്തില്‍ ഹൈന്ദവ പുരോഹിതന്റെ വേഷം ധരിച്ച ആള്‍...

മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് വെല്ലുവിളി

മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുമെന്ന് ഉച്ചഭാഷണിയിലൂടെ ഭീഷണി. പൊലീസ് സാന്നിധ്യത്തില്‍ ഹൈന്ദവ പുരോഹിതന്റെ വേഷം ധരിച്ച ആള്‍ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. യുപി തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 100 കിലോമീറ്ററ് അകലെയുള്ള സിതാപൂര്‍ ജില്ലയിലെചെറു നഗരമായ ഖൈറാബാദിലാണ് സംഭവം. പ്രഖ്യാപനം ഹര്‍ഷാരവത്തോടെ സ്വീകരിക്കുന്ന കാവിയണിഞ്ഞ ആള്‍ക്കൂട്ടവും ദൃശ്യത്തിലുണ്ട്. പ്രാദേശിക പുരോഹിതനാണ് വിദ്വേഷപ്രസംഗം നടത്തിയത്. കാവിനിറത്തിലുള്ള വസ്ത്രവും തലപ്പാവും ധരിച്ച് വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് ഉച്ചഭാഷിണിയിലൂടെയാണ് പ്രഖ്യാപനം. ആള്‍ക്കൂട്ടം ജയ്ശ്രീറാം വിളികളോടെയാണ് പ്രഖ്യാപനത്തെ സ്വീകരിക്കുന്നത്. തന്നെ വധിക്കുന്നതിന് പദ്ധതിയിട്ടുവെന്നും അതിന് 28 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നുമുണ്ട്. പ്രദേശത്തെ ഏതെങ്കിലും പെണ്‍കുട്ടികളെ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ശല്യപ്പെടുത്തിയാല്‍ മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പൊതുസ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്യുമെന്ന പ്രഖ്യാപനം ആരവത്തോടെയാണ് ആള്‍ക്കൂട്ടം ശ്രവിക്കുന്നത്. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ന്യൂനപക്ഷ വേട്ട യുപിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കാവി വസ്ത്രം ധരിച്ച് പൊതുനിരത്തുകളിലെത്തി മുസ്ലിം വിരോധം ആളിക്കത്തിക്കുന്ന കാഴ്ച്ചകളാണ് യുപിയില്‍ എങ്ങും. ഈ മാസം രണ്ടിനാണ് ഈ സംഭവം നടന്നതെന്നും എന്നാല്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും വീഡിയോ പരിശോധിച്ച ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പറഞ്ഞു. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുകയാണെന്നുമാണ് സിതാപുര്‍ പൊലീസിന്റെ പ്രതികരണം.