നിരോധിത ഹോണുകളും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും
പാലക്കാട് വടക്കഞ്ചേരിയിൽ ഇന്നലെ അർദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈകോടതി. ഇന്ന് മുതൽ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തിൽ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതൽ ഇവയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്ന് കോടതി മോട്ടോർ വാഹന വകുപ്പിനോട് ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും മറ്റ് ശബ്ദ സംവിധാനവും സംബന്ധിച്ച് നേരത്തെ തന്നെ കോടതി നിർദേശം നൽകിയിട്ടുള്ളതാണ്. ഇത് ലംഘിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിർദ്ദേശിച്ചത്. അങ്ങനെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സ്പീഡ് ഗവർണർ സംവിധാനം പോലും ഇല്ലാതെയാണ് അപകടത്തിൽപ്പെട്ട ലുമിനസ് ബസ് ഓടിയത്. 60 കിലോമീറ്റർ വേഗതയാണ് ടൂറിസ്റ്റ് ബസുകൾക്കായി നിജപ്പെട്ടുത്തിയ വേഗത. ഇത്തരത്തിൽ സ്പീഡ് ഗവർണർ ഘടിപ്പിച്ച വാഹനങ്ങൾക്കാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക. എന്നാൽ പരിശോധ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ വാഹനങ്ങളിൽ നിന്ന് സ്പീഡ് ഗവർണർ നീക്കം ചെയ്താണ് ഇവ ഓടിക്കുന്നത്. നേരത്തെയും ലുമിനസ് വേഗത ലംഘിച്ചതിനും നോട്ടീസ് നേരിട്ടിരുന്നു. ഇതോടൊപ്പം ആഡംബര ലൈറ്റുകളും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഘടിപ്പിച്ചതിനും ലുമിനസ് ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയും ബസിനെ കരിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെ അപകടത്തിൽപ്പെട്ട കെഎൽ 15 എ 1313 എന്ന കെഎസ്ആർടിസി ബസും 2019 ൽ വേഗതാപരിധി ലംഘിച്ചതിന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട വാഹനമാണ്.