സ്ത്രീകള്‍ പൊടിപോലുമില്ല; ഹേമ്മകമ്മറ്റി ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ 'അമ്മ'യിലെ അച്ചന്മാര്‍ 

സ്ത്രീകള്‍ പൊടിപോലുമില്ല; ഹേമ്മകമ്മറ്റി ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ 'അമ്മ'യിലെ അച്ചന്മാര്‍ 

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ നടിനടന്മാരുടെ സംഘടനയായ എഎംഎംഎയെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത് മണിയന്‍പിള്ള രാജു, ഇടവേള ബാബു, സിദ്ദിഖ് എന്നിവര്‍. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നിട്ടുകൂടി ഒരു സ്ത്രീയെ പോലും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ നടന്‍ ഷമ്മി തിലകന്‍ രംഗത്തുവരികയും ചെയ്തു.  വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമ ഘട്ടത്തിലെത്തൂയെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരമാണ് അഭിനേതാക്കളുടെ സംഘടനയുമായും ചര്‍ച്ച നടത്തുന്നത്.  പ്രതിനിധികളായി സര്‍ക്കാരിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്ന് പേരും പ്രത്യക്ഷമായി ദിലീപ് അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയവരാണ് സിദ്ദിഖും ഇടവേള ബാബുവും. ഇരുവരുടേയും മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും ദിലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായും ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നാണ് ഇടവേള ബാബു ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. പക്ഷെ, കോടതിയില്‍ എത്തിയപ്പോള്‍ തനിക്ക് ഓര്‍മ്മയില്ല എന്ന് ഇടവേള ബാബു മൊഴി മാറ്റി. വിജയ് ബാബുവിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ 'ഐസിസിക്ക് റോളില്ല' എന്ന് ഇടവേള ബാബു പറഞ്ഞതായി നടി മാല പാര്‍വ്വതി തുറന്നടിച്ചിരുന്നു.