ആവേശത്തേരിൽ മലയാള നാട്, ഭാരത് ജോഡോ യാത്ര കേരളത്തിൽ
ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യമുയർത്തി എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ഏഴിന് പാറശാലയിലാണ് യാത്ര പ്രവേശിച്ചത്. ഇവിടെനിന്നും രാവിലെ 7.30ന് ആരംഭിച്ച യാത്രയ്ക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി, ജെബി മേത്തൽ എംപി, എം. വിൻസന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി, മറ്റ് എംപിമാർ, എംഎൽഎമാർ, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകി. ഓരോ പ്രവർത്തകരും സ്നേഹോജ്വല വരവേൽപാണ് രാഹുൽ ഗാന്ധിക്ക് നൽകിയത്. ചന്ദനം തൊട്ടും ഖദർ ഷാൾ അണിയിച്ചും നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ വരവേറ്റു. രാഹുലിനെ അണിയിക്കാൻ പൊന്നാടയുമായാണ് ചില പ്രവർത്തകരെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കന്യാകുമാരി മുതൽ യാത്രയെ അനുഗമിക്കുന്നുണ്ട്. ഇന്നലെ രാവിലെ പാറശാലയിൽ എത്തിച്ചേർന്ന രാഹുൽ ഗാന്ധിയെയും മറ്റു പദയാത്രികരെയും കെപിസിസി, ഡിസിസി നേതാക്കളും ജനപ്രതിനിധികളും ചേർന്നാണ് സ്വീകരിച്ചത്. പാറശാല ജംഗ്ഷനിലുള്ള കാമരാജ് പ്രതിമയിലും ഗാന്ധി പ്രതിമയിലും രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. തുടർന്നാണ് ഇന്നത്തെ പദയാത്ര ആരംഭിച്ചത്. പാറശാലയിൽനിന്നും വേഗത്തിൽ നടന്നു നീങ്ങിയ രാഹുൽ ഗാന്ധിയെയും മറ്റു പദയാത്രികരെയും കേരളത്തിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും അനുഗമിച്ചു. റോഡിന്റെ ഇരുവശങ്ങളിലും പാർട്ടി പ്രവർത്തകരും ജനങ്ങളുമടക്കം ആയിരക്കണക്കിനുപേർ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചു. യാത്രയ്ക്കിടയിൽ ആനക്കുന്ന് ജംഗ്ഷനിലെ സ്റ്റാൻലിയുടെ ചായക്കടയിൽനിന്നും ചായ കുടിച്ച രാഹുൽ അദ്ദേഹവും ഭാര്യയുമായി സൗഹൃദ സംഭാഷണവും നടത്തി. അടുത്തെത്തിയവർക്കൊപ്പം ഫോട്ടോയും എടുത്താണ് രാഹുൽ യാത്ര തുടർന്നത്. രാവിലെ പതിനൊന്നോടെ യാത്ര നെയ്യാറ്റിൻകരയിൽ എത്തിച്ചേർന്നു. തുടർന്ന് യാത്രയുടെ ആദ്യപാദം ഊരൂട്ടുക്കാല മാധവി മന്ദിരത്തിൽ സമാപിച്ചു. മഹാത്മാ ഗാന്ധിയുടെ
മ്യൂസിയം രാഹുൽ ഗാന്ധി സന്ദർശിച്ചു. ഇന്ന് നാല് മണിയോടെ മൂന്നുകല്ലിൻമൂട് നിന്നുമാണ് ഉച്ചയ്ക്കുശേഷമുള്ള പദയാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് ഇവിടെ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിനിരന്നത്. വെങ്ങാനൂരിൽ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി.