ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: മന്ത്രി രാജീവിനെ തള്ളി ഡബ്ലുസിസി

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: മന്ത്രി രാജീവിനെ തള്ളി ഡബ്ലുസിസി

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി നിലപാട്ടെന്നും അതില്‍ മാറ്റമില്ലെന്നും ഡബ്ല്യുസിസി അംഗം  ദീദി ദാമോദരന്‍ പറഞ്ഞു. സിനിമ സംഘടനകളില്‍ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരന്‍ പ്രതികരിച്ചു. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നില്‍ക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്നായിരുന്നു മന്ത്രി പി രാജീവിന്റെ വെളിപ്പെടുത്തല്‍. ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പി രാജീവിന്റെ പ്രതികരണം. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റിന് കീഴില്‍ അല്ലാത്തതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വെളിപ്പെടുത്തല്‍ വിവാദമായത്തിന് പിന്നാലെയും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി രാജീവ്.