ഭൂരിപക്ഷം നേടി ഹേമന്ത് സോറന് സര്‍ക്കാര്‍: വിശ്വാസവോട്ട് കഴിഞ്ഞു
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജി ആവശ്യം ബിജെപി ശക്തമാക്കുന്നതിനിടെ ജാര്‍ഖണ്ഡ് നിയമസഭയില്‍ ഇന്നു നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഹേമന്ത് സോറന് സര്‍ക്കാര്‍ ഭൂരിപക്ഷം നേടി.
ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സോറന് 48 വോട്ടുകള്‍ നേടിക്കൊണ്ട് ഭൂരിപക്ഷം തെളിയിച്ചു.ജനാധിപത്യത്തെ രക്ഷിക്കാനാണ് വോട്ടെടുപ്പ് നടത്തിയതെന്നു സോറന് പ്രതികരിച്ചു. കുതിരക്കച്ചവടം നടത്തി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പേരിലുള്ള കരിങ്കല്‍ ഖനിക്ക് അനുമതി നല്‍കിയെന്ന ആരോപണത്തില്‍ സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്തിതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി തുടങ്ങിയത്. കമ്മീഷന്റെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
81 അംഗ നിയമസഭയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 30, കോണ്‍ഗ്രസ് 18, ആര്‍ജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണുള്ളത്. രാജിവച്ച് ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപിയുടെ ആവശ്യം.
ബിജെപി പണം കൊടുത്ത് സ്വാധീനിക്കുന്നത് തടയാന്‍ എംഎല്‍എമാരെ ചത്തീസ്ഗഡിലേയ്ക്ക് മാറ്റിയിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ റാഞ്ചിയില്‍ തിരിച്ചെത്തിച്ചത്.