അനുനയനീക്കവുമായി അശോക് ഗലോട്ട്, തരൂരും ഹൂഡയുമായി കൂടിക്കാഴ്ച നടത്തി
പുതിയ എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ സമവായത്തിനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായി അശോക് ഗലോട്ട്. ജി 23 നേതാക്കളായ ശശി തരൂരുമായും ഭുപീന്ദർ സിംഗ് ഹൂഡയുമായും അശോക് ഗലോട്ട് ചർച്ച നടത്തി. അതേസമയം വോട്ടർപട്ടികയുടെ കാര്യത്തിൽ ഒളിച്ചുകളിയില്ലെന്നും തരൂർ മത്സരിക്കുന്നതിനോട് യോജിപ്പെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരത്തിലേക്ക് കാര്യങ്ങൾ പോകുന്ന സാഹചര്യത്തിലാണ് അശോക് ഗലോട്ട് ശശി തരൂരിനെ കണ്ടത്. പരസ്യ വിമർശന പാർട്ടിയിലെ ഐക്യത്തെ ബാധിക്കുമെന്ന നിലപാട് അശോക് ഗലോട്ട് തരൂരിനെ അറിയിച്ചു. സമവായത്തിന് ശ്രമിക്കണമെന്ന നിർദ്ദേശവും വച്ചു. കൂടിക്കാഴ്ചയെക്കുറിച്ച് തരൂർ പ്രതികരിച്ചില്ല. ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയേയും ഗലോട്ട് കണ്ടു. വോട്ടർ പട്ടിക പുറത്തു വിടണം എന്ന ആവശ്യം കൂടിക്കാഴ്ചയിൽ തരൂരും ഹൂഡയും ആവർത്തിച്ചു എന്നാണ് സൂചന.