ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവയുടെ സിം എംടിഎൻഎൽ ബ്ലോക്ക് ചെയ്‌തു
കോൺഗ്രസ് നേതാവും പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർഥിയുമായ മാർഗരറ്റ് ആൽവയുടെ സിം എംടിഎൻഎൽ ബ്ലോക്ക് ചെയ്‌തു. കെവൈസി (നോ യുവർ കസ്റ്റമർ) ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ദീർഘനാളായി ഉപയോഗിക്കുന്ന സിമ്മാണെന്നും താൻ ഭരണ പക്ഷ എംപിമാരോട് വോട്ട് ചോദിച്ചതിനാലാണെന്നു നടപടിയെന്നും മാർഗരറ്റ് ആൽവ ആരോപിച്ചു.
നിങ്ങൾക്ക് ഇപ്പോൾ എന്റെ കെവൈസി വിവരങ്ങൾ ആവശ്യമുണ്ടോയെന്നും മാർഗരറ്റ് ആൽവ ചോദിച്ചു. കേന്ദ്ര സർക്കാരാണ് നീക്കങ്ങൾക്ക് പിന്നിലെന്നും മാർഗരറ്റ് ആൽവയുടെ പ്രചാരണ പരിപാടികൾ തടസപ്പെടുത്താനാണു ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു. ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ അടക്കമുള്ളവരോട് മാർഗരറ്റ് ആൽവ കഴിഞ്ഞ ദിവസം പിന്തുണ തേടിയിരുന്നു.
ബിജെപിയിലെ ചില സുഹൃത്തുക്കളുമായി സംസാരിച്ചതിനു ശേഷം എന്റെ ഫോണിലേക്കു വരുന്ന കോളുകൾ ഡൈവേർട്ട് ആയി പോകുകയാണ്. എനിക്ക് ഇപ്പോൾ കോൾ ചെയ്യാനോ സംസാരിക്കാനോ കഴിയുന്നില്ല. സിം പൂർവസ്ഥിതിയിൽ ആയാൽ തന്നെ ബിജെപി, തൃണമൂൽ കോൺഗ്രസ്, ബിജെഡി എംപിമാരെ ഇനി ഫോണിൽ ബന്ധപ്പെട്ടില്ലെന്നും മാർഗരറ്റ് ആൽവ ട്വീറ്റ് ചെയ്‌തു.