ആഭ്യന്തര വകുപ്പ് ഇരുട്ടില്‍ തപ്പുന്നു; ഇരട്ടകൊലപാതകം രണ്ടാം തവണ

ആഭ്യന്തര വകുപ്പ് ഇരുട്ടില്‍ തപ്പുന്നു; ഇരട്ടകൊലപാതകം രണ്ടാം തവണ

ആലപ്പുഴ ആവര്‍ത്തിക്കുകയാണ് പാലക്കാട്ടും. 24 മണിക്കൂറിനിടെ നടന്നത് രണ്ട് കൊലപാതകങ്ങളാണ്. വെള്ളിയാഴ്ച എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് 24 മണിക്കൂര്‍ തികയുംമുന്‍പേയാണ് ആര്‍എസ്എസ് പ്രാദേശിക നേതാവിനെയും പാലക്കാട്ട് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയിലെ കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നതായി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ കൊലപാതകം നടന്നത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്. പിതാവിന്റെ കണ്മുന്നിലിട്ടാണ് സുബൈറിനെ വെട്ടിക്കൊന്നത്. പിന്നാലെ മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.  2021 നവംബറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ആരോപിച്ചിരുന്നു. അക്രമികള്‍ ഉപയോഗിച്ച കാര്‍ സഞ്ജിത്തിന്റേതാണെന്നും കണ്ടെത്തി. ശനിയാഴ്ച രാവിലെ അക്രമിസംഘം സഞ്ചരിച്ച രണ്ടാമത്തെ കാര്‍ മറ്റൊരിടത്ത് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ശനിയാഴ്ച മറ്റൊരു കൊലപാതകവും ഉണ്ടായത്.