ദളിത് ബാലനെകൊണ്ട് കാല്‍ നക്കിച്ചു; മേല്‍ജാതിക്കാരായ യുവാക്കളുടെ ക്രൂരത
ഉത്തര്‍പ്രദേശില്‍ ദളിത് ബാലനോട് കൊടും ക്രൂരത. റായ്ബറേലിയില്‍ ദളിത് വിദ്യാര്‍ത്ഥിയെകൊണ്ട് കാല്‍ നക്കിച്ചു. ഠാക്കൂര്‍ ജാതിയില്‍പെട്ട യുവാക്കളാണ് വിദ്യാര്‍ത്ഥിയെകൊണ്ട് കാലുകള്‍ നക്കിച്ചത്. ബാലനെ മര്‍ദിച്ച് കാല്‍ നക്കിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ മാസം പത്തിനാണ് സംഭവം. കുട്ടി നിലത്ത് ചെവിയില്‍ കൈവെച്ച് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
പ്രതി മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുകയാണ്. പ്രതികളിലൊരാള്‍ ഇരയോട് അവരുടെ ജാതിപ്പേരായ 'ഠാക്കൂര്‍' എന്ന് പറയാന്‍ ആവശ്യപ്പെടുന്നതും കാണാം. കുട്ടിയെ അവര്‍ അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ കൊണ്ട് നിര്‍ബന്ധമായി മയകുമരുന്ന് തീറ്റിക്കുന്നതും വിഡിയോയില്‍ ഉണ്ട്.
രണ്ട് മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ദളിത് വിഭാഗത്തിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് പ്രതികളില്‍ ഒരാള്‍ കാലുകള്‍ നക്കിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിധവയായ അമ്മക്കൊപ്പമാണ് ഇരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കഴിയുന്നത്. ഇരയുടെ അമ്മ പ്രതികളില്‍ ചിലരുടെ പറമ്പില്‍ ജോലി ചെയ്തിരുന്നതായും കുട്ടി അവരോട് പ്രസ്തുത ജോലിക്ക് പണം ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.