ഊരാളുങ്കൽ വീണ്ടും പ്രതിക്കൂട്ടിൽ: കൂളിമാട് കടവ് പാലത്തിന് പിന്നാലെ തിരുവനന്തപുരത്ത് ഐടി മിഷൻ കെട്ടിടവും തകർന്നുവീണു
കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നതിന് പിന്നാലെ
കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം തകർന്നു വീണതിന് പിന്നാലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം നിർമ്മിച്ച ഐടി മിഷൻ കെട്ടിടവും തകർന്നു വീണു. വിവിധ ആവശ്യങ്ങള്‍ക്ക് ദിവസേന നിരവധിയാളുകള്‍ എത്തിച്ചേരുന്ന തിരുവനന്തപുരത്തെ പി.എഫ് ഓഫീസിന് സമീപത്ത് പ്രവർത്തിക്കുന്ന ഐടി മിഷന്‍ ആസ്ഥാനത്താണ് ഇന്ന് രാവിലെ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണ് അപകടമുണ്ടായത്. സംഭവ സമയം ആളുകൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സർക്കാരിന്റെ കെട്ടിടവും തകർന്നു വീണതോടെ ഊരാളുങ്കലിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
സമീപത്ത് നിർമാണം പുരോഗമിക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ മുകളിലേയ്ക്കാണ് വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ വന്ന് പതിച്ചത്. തകര്‍ന്നുവീണ കൈവരിയും കോണ്‍ക്രീറ്റ് സ്ലാബുകളും വീണുകിടക്കുന്നത് വലിയ ഒരു മരത്തിന്റെ വേരിന് മുകളിലാണ്. ഇത് നീക്കം ചെയ്യാതെയാണ് ഐടി മിഷൻ കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചതെന്നാണ് ആരോപണം. ഇതിന് പുറമേ, നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ഗുണ നിലവാരമില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതേസമയം, കനത്ത മഴയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞ് തലയൂരാൻ ശ്രമിക്കുകയാണ് അധികൃതർ. കൂളിമാട് പാലം തകര്‍ന്നാല്‍ യന്ത്രത്തകരാര്‍, ഐടി മിഷനിലെ നടപ്പാത തകര്‍ന്നാല്‍ കാരണം മഴ എന്നിങ്ങനെയുള്ള വാദങ്ങൾ ഉയർത്തി ഊരാളുങ്കൽ പ്രതിരോധിക്കുമ്പോൾ, വലിയ മഴയും പ്രളയവും നേരിട്ടിട്ടും തല ഉയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളുടെ നിർമാണ മേൻമയും താരതമ്യം ചെയ്യപ്പെടുന്നുണ്ട്