പട്ടിണി സൂചിക:ഇന്ത്യ വീണ്ടും താഴോട്ട്, സ്ഥാനം 94 നിന്നും 101 ലെത്തി

74 ദശലക്ഷം പേർ പട്ടിണിയിലാകുമെന്ന് പഠനം

പട്ടിണി സൂചിക:ഇന്ത്യ വീണ്ടും താഴോട്ട്, സ്ഥാനം 94 നിന്നും 101 ലെത്തി

  പട്ടിണി സൂചികയിൽ ഇന്ത്യ വളരെ പരിതാപകരമായ അവസ്ഥയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നതെന്നും മോദി സർക്കാരിന്റെ ഭരണം രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുമെന്നും റിപ്പോർട്ട്. രാജ്യത്ത് വിദൂരമല്ലാത്ത ഭാവിയിൽ  74 ദശലക്ഷം പേര്‍ പട്ടിണി മൂലം ദുരിതമനുഭവിക്കുമെന്ന പഠനവും പുറത്തുവന്നിട്ടുണ്ട്.‌

 2021ലെ ആഗോള പട്ടിണി സൂചിക പ്രകാരം 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 2020-ല്‍ 94 ആയിരുന്നു. ഇതിൽ നിന്നാണ് രാജ്യം 2021-ല്‍ 101-ാം സ്ഥാനത്തേക്കെത്തിയത്.

 അയൽ രാജ്യങ്ങളായ പാകിസ്ഥാനെക്കാളും ബംഗ്ലാദേശിനേക്കാളും പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യ. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ട് ഇന്ത്യ ഇതിനേക്കാൾ ഭയാനകമായ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. 2030 ഓടെ പട്ടിണിമൂലം ദുരിതത്തിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം 73.9 ദശലക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതിനിടെ, കാലാവസ്ഥാ വ്യതിയാനം കൂടി കടന്നുവരുന്നതാണ് രാജ്യത്തെ പട്ടിണിയില്ക്ക് തള്ളിവിടുന്നതിനിടയാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ ഭക്ഷ്യ ഉല്‍പാദനത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നും 2030 ഓടെ പട്ടിണി മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം 23 ശതമാനം വര്‍ധിക്കുമെന്നും ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ട് 2022 ചൂണ്ടിക്കാട്ടുന്നു. 2030ഓടെ രാജ്യത്തെ ഭക്ഷണ ഉൽപാദനത്തില്‍ 16ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.