ശ്രീലങ്ക പ്രക്ഷുബ്ദമാകുന്നു; പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

ശ്രീലങ്ക പ്രക്ഷുബ്ദമാകുന്നു; പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

ശ്രീലങ്ക പ്രക്ഷുബ്ദമാകുന്നു; പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്‌ക്കെതിരെ ജനരോഷം ശക്തമായി. രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇന്നലെ തലസ്ഥാനത്ത് തടിച്ചുകൂടി. സാമ്പത്തികരാഷ്ട്രീയ പ്രതിസന്ധിക്കു ശേഷം ശ്രീലങ്ക സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് ഗോതബയ രാജപക്‌സെയുടെ ഓഫീസിനു മുന്നില്‍ അരങ്ങേറിയത്. 'ഗോ ഹോം ഗോത' മുദ്രാവാക്യം വിളിച്ചാണ് പതിനായിരങ്ങള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികള്‍ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റിലുള്ള റോഡുകള്‍ പൂര്‍ണമായും ഉപരോധിച്ചു. യുവാക്കളുടെ ഭാവി സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ശനിയാഴ്ചയിലെ പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പ്രക്ഷോഭം നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങള്‍ ആഴ്ചകളായി ഭക്ഷണം, ഇന്ധനം, വൈദ്യുതി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് വലിയ പ്രതിസന്ധി നേരിടുകയാണ്. 1948ല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. രാജപക്‌സെയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഭീമമായ തുക ഒഴുക്കിയ വ്യവസായികളും പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിച്ചു. അതേസമയം അടിയന്തര സഹായം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷമായ സമാഗി ജന ബല്‍വേഗയ (എസ്ജെബി) അറിയിച്ചിട്ടുണ്ട്.