കെപിസിസി പ്രസിഡന്റ്: ജനറൽ ബോഡി ഇന്നു ചേരും
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ജനറൽ ബോഡിയുടെ പ്രഥമയോഗം ഇന്നു ചേരും. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് ആദ്യ ജനറൽ ബോഡി യോഗം.
കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ തുടരാനാണു നേതൃതലത്തിലെ ധാരണയെന്നതിനാൽ ഇന്നു തെരഞ്ഞെടുപ്പുണ്ടാകില്ല. കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് തീയതി അനുസരിച്ച് ഇന്നാണ് കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടത്.
കെപിസിസി പ്രസിഡന്റിനെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്ന പ്രമേയം പാസാക്കി പിരിയാനാണു സാധ്യത. 310 പേരടങ്ങിയ കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കു ഹൈക്കമാൻഡ് അംഗീകാരം നൽകിയിരുന്നു. ഇവരാണ് ജനറൽ ബോഡിയിൽ പങ്കെടുക്കുക.
കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പു കൂടാതെ ഭാരവാഹികൾ, നിർവാഹക സമിതിഅംഗങ്ങൾ, എഐസിസി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പും യോഗത്തിന്റെ അജൻഡയിലുണ്ട്. ഭാരവാഹികളായി നിലവിലുള്ളവർ തുടരാനാണു സാധ്യതയെങ്കിലും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്.