പാസ്‌പോര്‍ട്ട് കണ്ടുകെട്ടും; വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തില്‍ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും തയ്യാറെങ്കില്‍ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ തുടങ്ങും. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേയ്ക്ക് മാറ്റിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുവാനുളള സാഹചര്യമാണ് പൊലീസ് പരിശോധിക്കുന്നത്.