കെ വി തോമസിന്റെ മധ്യസ്ഥതയിൽ സിപിഎം - ബിജെപി ബന്ധം: ചെറിയാൻ ഫിലിപ്പ്

കെ.വി തോമസിന്റെ നിലപാട് വാർധക്യത്തിന്റെ വിഭ്രാന്തിയെന്നും ചെറിയാൻ ഫിലിപ്പ്

കെ വി തോമസിന്റെ മധ്യസ്ഥതയിൽ സിപിഎം - ബിജെപി ബന്ധം: ചെറിയാൻ ഫിലിപ്പ്

  പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം – ബിജെപി രഹസ്യ ബന്ധത്തിന്റെ മധ്യസ്ഥനാണ് പ്രൊഫ. കെ.വി തോമസെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്.

  ദില്ലിയിൽ അമിത് ഷായുടെയും സീതാറാം യച്ചൂരിയുടെയും വീട്ടിലെ നിത്യ സന്ദർശകനാണ്. ബിജെപി, സിപിഎം നേതാക്കളിൽ പലരും കൊച്ചിയിലെത്തിയാൽ കെ.വി തോമസിന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്ന ബിജെപിയും സിപിഎമ്മും ഈ ലക്ഷ്യം നേടുന്നതിനും രാഷ്ട്രീയ ലാഭം ഉറപ്പിക്കുന്നതിനുമുള്ള അധികാര ദല്ലാളായാണ് കെ.വി തോമസിനെ കാണുന്നതെന്നും  അദ്ദേഹം പറഞ്ഞു.

 ന്യൂനപക്ഷ വോട്ടുകൾ കിട്ടുന്നതിന് പരസ്യമായി ബിജെപി വിരുദ്ധത അഭിനയിക്കുന്ന സിപിഎം രഹസ്യമായി ബിജെപി ബന്ധം സ്ഥാപിച്ചിരിക്കുന്നത് കെ.വി തോമസ് മുഖേനയാണ്. തൃക്കാക്കരയിൽ തോമസ് മുഖേന ക്രിസ്ത്യൻ വോട്ടുകൾ മറിക്കാമെന്നാണ് സിപിഎമ്മിന്റെ മൂഢവിശ്വാസം. 1996ൽ തിരുത തോമയെന്ന് വി.എസ് വിളിച്ചതും ഫ്രഞ്ച് ചാരവൃത്തിക്കേസിൽ 33 കോടി പറ്റിയെന്ന് കോടിയേരി പറഞ്ഞതും വിഴുങ്ങി കൊണ്ടാണ് കെ.വി തോമസിനെ സിപിഎം ഇപ്പോൾ വിശുദ്ധനാക്കിയിരിക്കുന്നത്. കെ റെയിൽ ചെയർമാൻ സ്ഥാനം മന്ത്രിപദവിയോടെ നൽകാമെന്നാണ് കെ.വി തോമസിന് സിപിഎം നൽകിയിരിക്കുന്ന വാഗ്ദാനം. എന്നാൽ, തോമസിനെ കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ താമസിയാതെ കൊച്ചിക്കായലിൽ വലിച്ചെറിയും. കോൺഗ്രസ് എന്ന ഭാര്യയെ ഉപേക്ഷിക്കില്ലെന്നും എന്നാൽ, സിപിഎം എന്ന വെപ്പാട്ടിയോടൊപ്പം താമസമാക്കുമെന്നുമുള്ള കെ.വി തോമസിന്റെ നിലപാട് വാർധക്യത്തിന്റെ വിഭ്രാന്തിയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.