മൻ കീ ബാത്തല്ല ഭാരത് ജോഡോ യാത്ര, ജനങ്ങളെ നേരിട്ടറിയുന്ന യാത്ര: ജയറാം രമേശ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നരേന്ദ്ര മോദി നടത്തുന്ന മൻ കി ബാത്തല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജെയറാം രമേശ്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിൽ കണ്ടും കേട്ടും നടത്തുന്ന ജനമൈത്രീ യാത്രായാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിലെ നാനാതുറകളിൽ പെട്ടവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുകയും അവരുടെ പ്രശ്നങ്ങൾ കേട്ടറിയുകയും ചെയ്തു. മത്സ്യത്തൊഴിലാളികൾ, വിമുക്തഭടന്മാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കശുവണ്ടി തൊഴിലാളികൾ, സംരംഭകർ, ബിസിനസുകാർ, കർഷകർ, അസംഘടിത തൊഴിലാളികൾ തൊഴിലാളി യൂണിയനുകൾ, ആദിവാസികൾ, ദളിതർ എന്നിങ്ങനെ സമസ്ത മേഖലയിലുള്ളവരുമായി രാഹുൽ ഗാന്ധി സംവദിച്ചു. വിവിധ സംഘടനകളുമായും ആർഎസ്പി, മുസ്ലിം ലീഗ്, സിഎംപി എന്നിങ്ങനെ രാഷ്രീയ കക്ഷികളുമായും രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി. സെപ്റ്റംബർ 11ന് കേരളത്തിൽ പ്രവേശിച്ച ജോഡോ യാത്രയുടെ പ്രയാണം നാളെ വൈകുന്നേരം പൂർത്തിയാകും. തുർന്ന് ഗുഡല്ലൂരിലൂടെ കർണാടകയിലേക്ക് പ്രവേശിക്കും. ദിവസേന ശരാശരി 22 കിലോമീറ്ററുകൾ നടന്ന് ഇതുവരെ 466 കിലോമീറ്ററുകൾ പിന്നിട്ടെന്നും ജയറാം രമേശ് വെളിപ്പെടുത്തി.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ ഭാരത് ജോഡോ യാത്രക്ക് തുടക്കം കുറിച്ചത് മുതൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോഡോ യാത്രകൾ പുരോഗമിച്ചുവരികയാണ്, ഗുജറാത്തിൽ രണ്ട് ജോഡോ യാത്രയാണ് സംഘടിപ്പിക്കുന്നത് കൂടാതെ ആസാം, ഒഡിഷ ബംഗാൾ തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ യാത്രക്ക് തുടക്കം കുറിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന ഈ യാത്രയെ സിപിഎമ്മും ബിജെപിയും പരസ്പരം മത്സരിച്ച് വിമർശിക്കുകയാണെന്ന് എഐസിസി മാധ്യമ വിഭാഗം മേധാവി കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള യാത്രയല്ലിത്. ഇത് ആശയപരമായ യാത്രയാണ് എല്ലാ തരത്തിലുള്ള വർഗീയതയും എതിർക്കുന്നു അത് ന്യുനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷവർഗീയതയാണെങ്കിലും അതെല്ലാം എതിർക്കപ്പെടേണ്ടതാണ് എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗികനിലപാട്. മനുഷ്യരെ വിഘടിപ്പിക്കുന്നതിനായി മതത്തെ ഉപയോഗിക്കുന്നതിനെയും എതിർക്കണം.. ഈ മാസം 22ന് അങ്കമാലിയിൽവച്ച് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയതാണ്. അതു തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട്. ഇത്തരത്തിലുള്ള പല വർഗീയ സംഘടനകളും രാഷ്ട്രീയ സംഘടനകളും പലപ്പോഴായി നിരോധിക്കപ്പെട്ടിട്ടുണ്ട്- ജയറാം രമേശ് വ്യക്തമാക്കി. മോഡിയും ബിജെപി യൂണിഫോമിറ്റിയാണ് ആവശ്യപ്പെടുന്നത് പക്ഷെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഗ്രഹിക്കുന്നത് യൂണിറ്റിയാണ് ഭാരതത്തിന്റെ വൈവിദ്ധ്യത്തിൽ അഭിമാനിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.