കൊച്ചിയില്‍ നൂറ് കിലോ ചന്ദനത്തടികള്‍ പിടികൂടി
കൊച്ചി പനമ്പിള്ളി നഗറില്‍ വാടകവീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദനത്തടികള്‍ പിടികൂടി. ഇവ വില്‍ക്കാന്‍ പാകമാക്കിയ നിലയിലായിരുന്നു. വാടകവീട്ടില്‍ താമസിച്ചിരുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരുകയാണ്. ഇതില്‍ നാല് പേര്‍ ഇടുക്കി സ്വദേശികളും ഒരാള്‍ താമരശേരി സ്വദേശിയുമാണ്. ചന്ദനത്തടികള്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തു. പ്രതികള്‍ ഇടുക്കിയിലും മൂവാറ്റുപുഴയിലും ഉള്‍പ്പടെ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ചന്ദനത്തടികള്‍ ഇടുക്കിയില്‍ നിന്ന് എത്തിച്ചതാവാമെന്നാണ് വനംവകുപ്പ് കരുതുന്നത്. 20 ലക്ഷം രൂപ വിലവരുന്ന ചന്ദനത്തടികളാണെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്തെ ഇന്റലിജന്‍സ് വിങ്ങിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്വകാര്യ സ്ഥലത്ത് നിന്നാണ് ചന്ദനത്തടികള്‍ എത്തിച്ചതെന്നാണ് പിടിയിലായവര്‍ പറയുന്നത്. എന്നാല്‍ പ്രതികളെ ഇടുക്കിയിലെത്തിച്ച് പരിശോധന നടത്തിയാല്‍ മാത്രമേ അത് വ്യക്തമാവുകയുള്ളൂവെന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വ്യക്തമാക്കി. സമാന രീതിയില്‍ ഇതിന് മുമ്പും ചന്ദനത്തടികള്‍ കടത്തിയിട്ടുണ്ടോ എന്ന കാര്യവും വനംവകുപ്പ് അന്വേഷിക്കുകയാണ്.