വാട്ടർ അതോറിറ്റിയിലും സിഐടിയു സമരത്തിലേക്ക്
തിരുവനന്തപുരം: കെഎസ്ആർടിസിക്കും കെഎസ്ഇബിക്കും പിന്നാലെ വാട്ടർ അതോറിറ്റിയിലും സിഐടിയു പ്രത്യക്ഷസമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫീസുകളുടെ പുനസംഘടനക്കെതിരെയും സിഐടിയു രംഗത്തെത്തി.
രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് മൂന്നാമത്തെ പൊതുമേഖലാസ്ഥാപത്തിൽ കൂടി സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്. വാട്ടർ അതോറിറ്റിയിൽ ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം. ശമ്പളകമ്മീഷൻ റിപ്പോർട്ട് നൽകി വർഷമൊന്നായിട്ടും പരിഷ്ക്കരണം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കൂടുതൽ മേഖലാ ഓഫീസുകൾ തുടങ്ങാനുള്ള തീരുമാനാമാണ് സംഘടയെ ചൊടിപ്പിച്ചത്. സർക്കാൾ ഓഫീസുകളുടെ എണ്ണം കൂട്ടുന്നതുൾപ്പടെയാണ് ശുപാർശ. ഉന്നതഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലേറെ ആക്കി അതോറിറ്റിക്ക് ബാധ്യതയുണ്ടാക്കാനാണ് നീക്കമെന്നാണ് ആക്ഷേപം.
പുനസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. ശമ്പളപരിഷ്ക്കരണം പ്രഖ്യാപിക്കേണ്ടത് സർക്കാരാണെും വാട്ടർ അതോറിറ്റിയുടെ വിശദീകരിക്കുന്നു. ഇക്കാര്യം സർക്കാർ പരിഗണിക്കുകയുമാണ്. എതായാലും ഘടകകക്ഷിമന്ത്രിമാർക്ക് കീഴിലെ സ്ഥാപനങ്ങളിലാണ് സിഐടിയു കൊടിപിടിക്കുന്നതെന്നാണ് ശ്രദ്ധേയം. ജനങ്ങളുമായി എറ്റവുമടുത്ത് ബന്ധമുള്ള സ്ഥാപനങ്ങളിലെ ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള ജീവനക്കാരാണ് സമരവുമായി രംഗത്തുള്ളതെന്നത് ഒന്നാം വാർഷികത്തിൽ ഇടതുമുന്നണിസർക്കാരിന് തിരിച്ചടിയാകുന്നത്.