പുതിയ കരസേന മേധാവി ചുമതലയേറ്റു

ഉപമേധാവിയായി ജനറൽ ബി എസ് രാജുവും ചുമതലയേറ്റു.

പുതിയ കരസേന മേധാവി ചുമതലയേറ്റു

ജനറൽ മനോജ് പാണ്ഡെ പുതിയ കരസേന മേധാവിയായി ചുമതലയേറ്റു. വെല്ലുവിളികളെ ശക്തിയുക്തം നേരിടുമെന്നും, സേനാ നവീകരണമാണ് പ്രധാന ദൗത്യമെന്നും കരസേനയുടെ ഇരുപത്തിയൊൻപതാമത് മേധാവിയായി ചുമതലയേറ്റ അദ്ദേഹം വ്യക്തമാക്കി.

ചൈനയും പാകിസ്താനും ഇന്ത്യയുമായുള്ള നിലപാട് മയപ്പെടുത്തി ചർച്ചകൾക്ക് തയ്യാറായ പശ്ചാത്തലത്തിലാണ് ചുമതലയേൽക്കുന്നതെങ്കിലും, വെല്ലുവിളികൾ നിരവധിയാണ്. എല്ലാ വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ സൈന്യവും വ്യോമസേനയും നാവികസേനയും പൂർണ്ണമായും സജ്ജമാണ്. ഒരേ മനസോടെ മൂന്ന് സേനകളും ഒന്നിച്ച് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമേറ്റ ശേഷം ജനറൽ മനോജ് പാണ്ഡെ ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച് രക്തസാക്ഷിത്വം വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് സൗത്ത് ബ്ലോക്കിലെ പുൽത്തകിടിയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും മനോജ് പാണ്ഡെ കൂട്ടിച്ചേർത്തു.

ജനറൽ എം എം നരവനെ പടിയിറങ്ങിയതിന് പിന്നാലെയാണ് മനോജ് പാണ്ഡെ പുതിയ ദൗത്യം ഏറ്റെടുത്തത്. സേനയിലെ ഏറ്റവും മുതിർന്ന ലഫ്റ്റനന്റായ അദ്ദേഹം എഞ്ചിനിയറിംഗ് വിംഗിൽ നിന്ന് കരസേന മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. ഉപമേധാവിയായി ജനറൽ ബി എസ് രാജുവും ചുമതലയേറ്റു.