സുപ്രീം കോടതി ആദ്യമായി ലൈവ് സ്ട്രീമിങ് നടത്തുന്നു; പൊതുജനങ്ങള്‍ക്കും കാണാം
ഡല്‍ഹി: സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. വിരമിക്കല്‍ ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. പ്രത്യേക പ്ലാറ്റ്‌ഫോം വഴി, ഓഗസ്റ്റ് മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികള്‍ പൊതുജനത്തിന് തത്സമയം കാണാനാകും. ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം ഭാവിയില്‍ ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും കൂടി ഉപയോഗിക്കാനാകും. നിലവില്‍ ചില ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്.