സീറ്റില്ല; സോണിയ ഗാന്ധിക്കെതിരെ നഗ്മ

സീറ്റില്ല; സോണിയ ഗാന്ധിക്കെതിരെ നഗ്മ

രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ. കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറയുന്നു. തനിക്കെന്ത് കൊണ്ട് അര്‍ഹതയില്ലെന്നും, കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 18 വര്‍ഷമായെന്നും നഗ്മ തുറന്നടിക്കുന്നു. രാജ്യസഭ സീറ്റ് കിട്ടാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു. ''2003-04 വര്‍ഷത്തില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വര്‍ഷങ്ങളുള്‍പ്പടെ, ഇപ്പോള്‍ 18 വര്‍ഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?'', നഗ്മ പുറത്തുവിട്ട ട്വീറ്റില്‍ ചോദിക്കുന്നു. പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും, ആനന്ദ് ശര്‍മ്മക്കും സീറ്റില്ല. എന്നാല്‍ മറ്റൊരു നേതാവായ മുകുള്‍ വാസ്‌നിക്കിന് രാജസ്ഥാനില്‍ നിന്ന് സീറ്റ് നല്‍കിയിട്ടുണ്ട്. പി ചിദംബരം തമിഴ്‌നാട്ടില്‍ നിന്നും, ജയ്‌റാം രമേശ് കര്‍ണ്ണാടകത്തില്‍ നിന്നും രാജ്യസഭയിലെത്തും. രണ്‍ദീപ് സിംഗ് സുര്‍ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തര്‍ക്കും നേതൃത്വം സീറ്റ് നല്‍കിയിട്ടുണ്ട്. അജയ് മാക്കന്‍, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന്‍ പ്രതാപ്ഗഡി എന്നിവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.