ശിവസേനയെ കരുതിയിരിക്കാന്‍ ബിജെപി അണികളോട് നിര്‍ദ്ദേശം
മുംബൈ: ശിവസേനയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തെ അടര്‍ത്തിയെടുത്ത് മഹാരാഷ്ട്രയില്‍ ഭരണത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ബിജെപി. എന്നാല്‍ ഇപ്പോള്‍ ബിജെപിയെ അലട്ടുന്നത് മറ്റൊരു കാര്യമാണ്. ശോഷിച്ച ഉദ്ദവ് താക്കറേയുടെ ശിവസേനയോട് ജനങ്ങള്‍ക്ക് അനുകമ്പ തോന്നുമോ എന്നതാണ് ബിജെപിയുടെ ഭയം. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ അനുകമ്പ ശിവസേനക്കുള്ള വോട്ടായി മാറുമോ എന്നതാണ് ഭയത്തിന്റെ കാരണം. 'ശക്തനായ ബിജെപി' ഉദ്ദവ് താക്കറേയുടെ ശിവസേനയെ തകര്‍ത്തു എന്ന് ജനങ്ങള്‍ക്ക് തോന്നിയേക്കാം എന്നാണ് ബിജെപിക്കുള്ളിലെ വിലയിരുത്തല്‍. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്ത് അശക്തരായ മനുഷ്യരോട് പ്രിയം തോന്നുന്നത് സാധാരണമായ കാര്യമാണെന്ന് ബിജെപി സമ്മതിക്കുന്നു. ശിവസേനയോടുള്ള ജനങ്ങളുടെ അനുകമ്പ ഉണ്ടാക്കുന്ന നഷ്ടം പരാമവധി കുറക്കാനുള്ള കാര്യങ്ങള്‍ ഇപ്പോഴെ ചെയ്യണമെന്ന നിര്‍ദേശം ബിജെപി നേതാക്കള്‍ നല്‍കി കഴിഞ്ഞു. അനുകമ്പ ശിവസേനയ്ക്കുള്ള വോട്ടുകളായി മാറരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.