പി.സി.ചാക്കോയ്ക്ക് രണ്ടാമൂഴം. മുൻ ദേശീയ നേതാവ് ഇറങ്ങിപ്പോയി
പി.സി.ചാക്കോ വീണ്ടും എന്‍സിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് മന്ത്രി എ.കെ.ശശീന്ദ്രനാണ് നിര്‍ദേശിച്ചത്.
തോമസ്.കെ.തോമസ് പിന്താങ്ങി. നേരത്തെ പി.സി.ചാക്കോയ്ക്ക് അധ്യക്ഷ പദവിയില്‍ ഒരു ഊഴം കൂടി നല്കാന് പാര്‍ട്ടിയില്‍ പൊതുധാരണയുണ്ടായിരുന്നു. അഡ്വ.പി.എം.സുരേഷ് ബാബു, പി.കെ.രാജന് മാസ്റ്റര്‍, ലതിക സുഭാഷ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി.ജെ.കുഞ്ഞുമോനെ ട്രഷററായും തെരഞ്ഞെടുത്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മുൻ ദേശീയ നേതാവ് എൻ എ മുഹമ്മദ് കുട്ടി നോമിനേഷന് നല്‍കിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് ഇറങ്ങിപോയി. കൈകള്‍ ഉയര്‍ത്തിയാണ് വോട്ടെടുപ്പ് നടന്നതെന്നും ഇത് ജനാധിപത്യ രീതിയല്ലെന്നും ആരോപിച്ചായിരുന്നു മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയത്.