ജനങ്ങൾ കോൺഗ്രസിനെ സ്നേഹിക്കുന്നു; രാഹുലിന്റെ യാത്രക്കുള്ള ജനപിന്തുണ തെളിവെന്ന് ജയറാം രമേശ്

ജനങ്ങൾ കോൺഗ്രസിനെ   സ്നേഹിക്കുന്നു; രാഹുലിന്റെ യാത്രക്കുള്ള ജനപിന്തുണ തെളിവെന്ന് ജയറാം രമേശ്


രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണ  രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുന്ന ബിജെപി സർക്കാരിനെതിരെയുള്ള പോരാട്ടം നയിക്കുന്ന കോൺഗ്രസിനെ ജനങ്ങൾ അതിരറ്റ് സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്.

 14 ദിവസത്തിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹത്തിൽ നിന്ന്, പ്രത്യേകിച്ച് സ്ത്രീ ജനങ്ങളിൽ നിന്നും പുതു തലമുറയിൽ നിന്നും കിട്ടിയത് വലിയ പിന്തുണയാണ്. ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസിനേ കഴിയൂവെന്ന് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. പാർട്ടിയിൽ നിന്ന് ഒരാൾ പോകുമ്പോൾ കോൺഗ്രസിന്റെ ആദർശവും ആശയവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങൾ ഈ പ്രസ്ഥാനത്തിന് ശക്തിപകരാനായി വന്നുചേരുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ എന്ന നിലയിലാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ ആദ്യഘട്ട യാത്ര. മറ്റ് സംസ്ഥാനങ്ങളിൽ യാത്ര നടത്താത്തതെന്തേയെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം. അവർ കണ്ടോളൂ, രണ്ടും മൂന്നും ഘട്ടങ്ങളിലായി പ്രത്യേക യാത്ര മറ്റ് സംസ്ഥാനങ്ങളിലും സഞ്ചരിക്കും. ഒക്ടോബർ 31 മുതൽ ഒഡീസയിൽ 2300 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര ആവിഷ്ക്കരിച്ചിട്ടുണ്ട്. ഭുവനേശ്വറിൽ നിന്ന് തുടങ്ങി സംസ്ഥാനം മുഴുവൻ ചുറ്റി ഭുവനേശ്വറിൽ തന്നെ അവസാനിക്കുന്ന രീതിയിലാണത്. നവംബർ ഒന്നിന് ആസാമിലെ ദുബ്രിയിൽ നിന്ന് യാത്ര തുടങ്ങി 800 കിലോമീറ്റർ സഞ്ചരിക്കും. ഡിസംബറിൽ പശ്ചിമ ബംഗാളിലും യാത്ര ആരംഭിക്കും. സുന്ദർബൻ മുതൽ സിലിഗുരി വരെയാണത്. ബീഹാർ, ഝാർഖണ്ഡ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ യാത്ര ഉടൻ പ്രഖ്യാപിക്കും. കഴിയുമെങ്കിൽ അടുത്തവർഷം, ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് തെക്കു കിഴക്കൻ യാത്രയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെങ്കിലും മറ്റ് രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഈ യാത്രയെ ഏറ്റെടുത്തു കഴിഞ്ഞു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസറ്റഗ്രാം, യൂട്യൂബ്, വെബ്സൈറ്റ് തുടങ്ങി സമൂഹമാധ്യമങ്ങളിൽ യാത്ര ലൈവ് ആയി സംപ്രേഷണം ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും യാത്രക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടിയും ഇത്തരമൊരു പദയാത്ര സംഘടിപ്പിച്ചിട്ടില്ലെന്നും ആർക്കും എവിടെ നിന്നും യാത്ര നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
രാഹുൽഗാന്ധിയുടെ യാത്ര അവസാനിക്കുമ്പോൾ ബ്ലോക്ക് തലം മുതൽ ദേശീയതലം വരെ കോൺഗ്രസ് പുത്തൻ ഉണർവ് ആർജ്ജിക്കുമെന്നുറപ്പാണ്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇത് ശക്തിപകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെയും ജനങ്ങളെയും സാമ്പത്തികമായും സാമൂഹ്യപരമായും മോദി സര്‍ക്കാര്‍ കടന്നാക്രമിക്കുകയാണ്. സംസ്ഥാനങ്ങളുടെ ഫെഡറിലസത്തില്‍ കത്തി വയ്ക്കുന്നു. രാഹുൽഗാന്ധിയുടെ പദയാത്രയിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ജനങ്ങളുടെ ഇടയില്‍ തുറന്നു കാട്ടുകയാണ് ലക്ഷ്യം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ബിജെപി ഭരണത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജാതി, മതം, പ്രദേശം, ഭാഷ, ആഹാരം, വസ്ത്രധാരണം എന്നിവയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു.പാര്‍ലമെന്റിനെ റബ്ബര്‍ സ്റ്റാമ്പാക്കി പ്രതിപക്ഷത്തെ നിശബ്ദമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നു. പ്രതിഷേധ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു. മോദി ഭരണത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ജനാധിപത്യം വെല്ലുവിളി നേരിടുകയാണ്. രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു. ഭരണഘടനയും മൗലികാവകാശങ്ങളും കശാപ്പ് ചെയ്യപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കപ്പെട്ടു. തൊഴില്ലില്ലായ്മ അതിരൂക്ഷമായി. നികുതി ഭീകരത കൊടികുത്തിവാഴുന്നു. രാജ്യത്ത് തലതിരിഞ്ഞ സാമ്പത്തിക നയമാണ് മോദി നടപ്പാക്കുന്നത്. ഇതിനെല്ലാം എതിരെയുള്ള വികാരമാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിയോട് ജനങ്ങൾ പങ്കുവെയ്ക്കുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മോദി തന്റെ സുഹൃത്തുക്കൾക്കായി വിട്ടുകൊടുത്തു. സ്വകാര്യ മേഖലയിലെ സംരംഭകരും വലിയ പ്രയാസത്തിലാണ്. ഈ പശ്ചാത്തലത്തിൽ കൊച്ചിയിൽ ഇന്ന് ഐടി മേഖലയിലെയും പൊതുമേഖലാ കമ്പനികളുടെയും പ്രതിനിധികളുമായി രാഹുൽ ചർച്ച നടത്തും. ട്രേഡ് യൂണിയൻ നേതാക്കൾ, ബാങ്ക് -ഇൻഷ്വറൻസ് കമ്പനി മേധാവികൾ, സ്വകാര്യ സംരംഭകർ എന്നിവരുമായും രാഹുൽ നേരിട്ട് സംസാരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.