ഖാർഗെക്ക് ആകാം, തരൂരിനാകില്ല! പരാതിയുമായി ശശി തരൂർ വിഭാഗം

ഖാർഗെക്ക് ആകാം, തരൂരിനാകില്ല!  പരാതിയുമായി ശശി തരൂർ വിഭാഗം

പരസ്യ പ്രചരണം സംബന്ധിച്ച്  മാർഗരേഖ നിലനിൽക്കെ മല്ലികാർജുൻ ഖാർഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായി പിന്തുണ പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും വമ്പൻ വരവേൽപാണ് ഖാർഗെയ്ക്ക് ഒരുക്കിയത്. പിസിസി അധ്യക്ഷൻമാരടക്കം മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ ശശി തരൂർ വിഭാഗം ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകി. 

ഗുജറാത്തിൽ വോട്ട് തേടിയെത്തിയ മല്ലികാർജുൻ ഖാർഗെയ്ക്ക് വിമാനത്താവളം മുതൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വമ്പൻ വരവേൽപ്പാണ് ഒരുക്കിയത്.  സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്റാം രത്, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ്മ, പിന്നെ ജിഗ്നേഷ് മേവാനി അടക്കം ഒരു കൂട്ടം എംഎൽഎമാർ വിമാനത്താവളത്തിലെത്തി. ഇന്നലെ രാവിലെ സബർമതി ആശ്രമം സന്ദർശിക്കാൻ ഖാർഗെ എത്തിയപ്പോഴും പിസിസി ആസ്ഥാനത്ത് വോട്ട് തേടിയെത്തിയപ്പോഴും നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

വൈകീട്ട് മുംബൈയിലെത്തിയപ്പോഴും സ്ഥിതി വ്യതസ്തമല്ല. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എച്ച് കെ പാട്ടീലാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ നേതാക്കൾക്ക് പുറമെ ഗോവ പിസിസി പ്രസിഡന്‍റെ അമിത് പാത്കറും ശേഷിക്കുന്ന എംഎൽഎമാരും മുംബൈയിലെ പാർട്ടി ആസ്ഥാനത്തേക്ക് എത്തിയിരുന്നു.

ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് ഹൈക്കമാൻഡ് ആവർത്തിക്കുമ്പോഴാണ് ഖാർഗെയുടെ പ്രചാരണത്തിന്  പിസിസി അധ്യക്ഷനും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമെല്ലാമെത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂരിനെ അനുകൂലിക്കുന്ന നേതാക്കൾ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മദുസൂദൻ മിസ്ത്രിയ്ക്ക്  പരാതി എഴുതി നൽകിയിട്ടുണ്ട് . അതേസമയം തമിഴ്നാട്ടിലെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കി തരൂർ ഇന്നലെ ദില്ലിയിലേക്ക് മടങ്ങി.