ഇപ്പോൾ സമാധാനപരമായ പ്രതിഷേധം പോലും "അൺപാർലമെന്ററി" ആയി! : കെ സി വേണുഗോപാൽ
സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിനെതിരെ പാർലമെൻറിൽ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ നാല് അംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും, ജനാധിപത്യ വിരുദ്ധവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ലോക്‌സഭാംഗങ്ങളായ മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, ജ്യോതിമണി , രമ്യ ഹരിദാസ് എന്നിവരെ സസ്‌പെൻഡ് ചെയ്ത നടപടി കേന്ദ്ര സർക്കാരിന്റെ ധാർഷ്ഠ്യത്തിന്റെ പ്രതിഫലനമാണ്.
സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിനെതിരെ പാർലമെൻറിൽപ്രതിഷേധമുയർത്തിയതിന്റെ പേരിലാണ് സസ്പെൻഷൻ എന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും, ജനാധിപത്യ വിരുദ്ധവുമാണ്.
രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന സങ്കീർണമായ വിഷയങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാൻ പോലും സർക്കാരിന് താൽപര്യമില്ല. പ്രതിഷേധിക്കുന്ന അംഗങ്ങളെപ്പോലും സസ്‌പെൻഡ് ചെയ്‌ത് ഒളിച്ചോടാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരു സഭയിലും നടത്തിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ വരുമ്പോൾ സഭ നിർത്തിവെച്ചും, പ്രതിഷേധിക്കുന്നവരെ പുറത്താക്കിയും രക്ഷപ്പെടാനുള്ള വിഫലശ്രമമാണ് മോഡി സർക്കാർ ഇന്നോളം അവലംബിച്ചിട്ടുള്ളത്.
സമാനമായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന സർക്കാർ നടപടികൾക്കെതിരെ സമാധാനമായി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിനു ചുറ്റും 144 ചുമത്തി തടയിടാനും കേന്ദ്രസർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്തിയും, പ്രതിഷേധിക്കുന്നവരെ പുറത്താക്കിയും, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ കവർന്നെടുത്തും തികഞ്ഞ ഫാസിസ്റ്റ് മനോഭാവമാണ് സർക്കാർ പുറത്തെടുക്കുന്നത്. ഇത്തരം ഉമ്മാക്കികൾ കാണിച്ചു കോൺഗ്രസ് പാർട്ടിയെ ഭയപ്പെടുത്താമെന്നും, നിശബ്ദമാക്കാമെന്നും കരുതുന്നത് നരേന്ദ്ര മോദിയുടെ വ്യാമോഹം മാത്രമാണ്.
ഇപ്പോൾ സമാധാനപരമായ പ്രതിഷേധം പോലും "അൺപാർലമെന്ററി" ആയി!!