വയനാട് ഡിസിസി ഓഫീസിന് സുരക്ഷയുമായി പൊലീസ്; ഓടിച്ച് നേതാക്കള്‍ 

വയനാട് ഡിസിസി ഓഫീസിന് സുരക്ഷയുമായി പൊലീസ്; ഓടിച്ച് നേതാക്കള്‍ 

വയനാട്: വയനാട് ഡിസിസി ഓഫീസിലെത്തിയ പൊലീസുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സുരക്ഷയൊരുക്കാനായി വയനാട് ഡിസിസി ഓഫീസിലെത്തിയ പൊലീസിന് നേരെ നേതാക്കളുടെ രോഷം അണപൊട്ടി. ഡിവൈഎസ്പി അടക്കമുള്ള പൊലീസുദ്യോഗസ്ഥര്‍ ഇതേത്തുടര്‍ന്ന് ഡിസിസി ഓഫീസിന് പുറത്തേക്ക് മാറി. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിന്റെ ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ  ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്ന പൊലീസ് തല്‍ക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു നേതാക്കളുടെ വാദം.  'പോയി ക്രിമിനലുകള്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്ക്, ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ട', ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. നേതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഇത്തരത്തില്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതിനാല്‍ത്തന്നെ ആ ഓഫീസിന് സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്ന പൊലീസ് തല്‍ക്കാലം ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാന്‍ വരണ്ട എന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.