രാഷ്ട്രീയ പകപോക്കൽ : പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ കോൺഗ്രസ്
അറസ്റ്റ് ഉണ്ടായാൽ തലസ്ഥാനത്ത് വലിയ പ്രക്ഷോഭം നടത്താൻ തീരുമാനം
രാഷ്ട്രീയപ്രേരിതമായി പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ ഒരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ 5 ദിവസം കൊണ്ട് ഇത്രയുമധികം ചോദ്യം ചെയ്ത ഇഡി നടപടി ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിനു വരും ദിവസങ്ങളിൽ വീര്യം കൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചു. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കേരളത്തിൽനിന്നുൾപ്പെടെ പാർട്ടിയുടെ എംഎൽഎമാർ ഡൽഹിയിലെത്തി. എംഎൽഎമാരെ അണിനിരത്തി ഇന്നു നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ആലോചന.
രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ കേസിലില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാൽ, രാഷ്ട്രീയവൈരം കാരണം അത്തരമൊരു നടപടിയിലേക്കു കേന്ദ്രം നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റ് ചെയ്താൽ അതിനെതിരെ രാജ്യതലസ്ഥാനത്ത് വൻ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയാറെടുപ്പുകളാണു പാർട്ടി നടത്തുന്നത്. പ്രവർത്തക സമിതിയംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, പിസിസി, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരോടെല്ലാം ഡൽഹിയിൽ തുടരാനാണു നിർദേശം. യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകരെ പ്രതിഷേധത്തിന്റെ മുൻനിരയിൽ അണിനിരത്തും. ഐക്യദാർഢ്യവുമായി രാഹുലിന്റെ മുഖംമൂടിയണിഞ്ഞാണ് ഇവർ ഇന്നലെ എഐസിസി ആസ്ഥാനത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11ന് ആരംഭിച്ച നാലാം ദിവസത്തെ ചോദ്യംചെയ്യൽ ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് അവസാനിച്ചത്. ഇഡി നിർദേശപ്രകാരം രാവിലെ വീണ്ടും രാഹുൽ ഹാജരായി. മാരത്തൺ ചോദ്യംചെയ്യലിലൂടെ രാഹുലിനെ മാനസികമായി തളർത്തുകയാണ് ഇഡിയുടെ ലക്ഷ്യമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.
കേസിൽ ചോദ്യം ചെയ്യുന്നതിനു നാളെ ഹാജരാകാനാണു സോണിയ ഗാന്ധിയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അനാരോഗ്യം മൂലം വിശ്രമിക്കുന്ന സോണിയ ഹാജരാകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സോണിയയെ ചോദ്യം ചെയ്യുമ്പോഴും സമാനമായ പ്രക്ഷോഭങ്ങൾ നഗരത്തിൽ നടത്താൻ പാർട്ടി മുന്നിട്ടിറങ്ങും. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർക്കാണു പ്രക്ഷോഭങ്ങളുടെ ഏകോപന ചുമതല