SFI കുട്ടിക്കുരങ്ങന്മാര്‍; തകര്‍ത്തടിച്ച് ടി സിദ്ദിഖ് എംഎല്‍എ

SFI കുട്ടിക്കുരങ്ങന്മാര്‍; തകര്‍ത്തടിച്ച് ടി സിദ്ദിഖ് എംഎല്‍എ

തിരുവനന്തപുരം: നിയമസഭയില്‍ എസ്.എഫ്.ഐ.ക്കെതിരേയും  സി.പി.എമ്മിനെതിരേയും ആഞ്ഞടിച്ച് ടി. സിദ്ദിഖ് എം.എല്‍.എ. വയനാട്ടില്‍  രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ്  നിയമസഭയില്‍ സംസാരിച്ചത്. ഈ കുട്ടിക്കുരങ്ങന്മാരെ ചുടുചോറ് വാരിക്കാന്‍ ആരാണ്  രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് പറഞ്ഞയച്ചതെന്നും പിറക് ഭാഗത്തൂടെ കയറുന്ന സംസ്‌കാരം എപ്പോഴാണ് എസ്.എഫ്.ഐ. ആരംഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ വയനാട് ജില്ലയില്‍നിന്നുള്ള ഒരു ജനപ്രതിനിധിയാണ്. അവിടെ നിരവധി സമരം നടന്നിട്ടുണ്ട്. ഞങ്ങളൊക്കെ ഒരുമിച്ച് സമരത്തിലായിരുന്നു. എംഎല്‍എ ഓഫീസില്‍ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഒരുമിച്ച് യോഗം ചേര്‍ന്നു. ഐ.സി. ബാലകൃഷ്ണന്‍ പങ്കെടുത്തു. ഒ.ആര്‍.കേളുവും. അവിടെ എല്ലാവരും ഒന്നിച്ചുപോവുകയാണ്. ഒന്നിച്ചുള്ള സമരമുഖത്താണ് ഞങ്ങള്‍. ഒന്നിച്ച് ഒരു പ്രഖ്യാപിത പ്രശ്നത്തില്‍ നിലപാട് സ്വീകരിച്ച് പോകുമ്പോള്‍ ആരാണ് ഈ കുട്ടിക്കുരങ്ങന്മാരെ ചുടുചോറ് വാരിക്കാന്‍ ആ ഓഫീസിലേക്ക് പറഞ്ഞയച്ചത്. ഇത് ഗൂഢാലോചനയാണ്.' - ടി.സിദ്ദീഖ് ആരോപിച്ചു.
ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ.യുടെ ഒരു പ്രസ്താവനയെങ്കിലും കാണിച്ചുതരുമോയെന്നും അദ്ദേഹം ചോദിച്ചു. 'രാഹുല്‍ഗാന്ധിയും ബഫര്‍സോണും തമ്മില്‍ എന്താണ് ബന്ധം. വിധി പറഞ്ഞ സുപ്രീംകോടതിയുടെ ഭാഗമല്ല രാഹുല്‍ഗാന്ധി. ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി സുപ്രീംകോടതി പ്രഖ്യാപിച്ചു. ഇത് ഇളവുചെയ്യാന്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്കും പരിസ്ഥിതി മന്ത്രാലയത്തിനും റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ ചുമതലപ്പെടുത്തി, ആ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ല രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗമല്ല, പിന്നെ എന്തിനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അവരെ അയച്ചത്.' 'വാഴയുമായി എവിടെയെങ്കിലും മാര്‍ച്ച് കണ്ടിട്ടുണ്ടോ. ഇത് അരാജകത്വമാണ്. പിറക് ഭാഗത്തൂടെ കയറുന്ന സംസ്‌കാരം എപ്പോഴാ ഈ എസ്എഫ്ഐ ആരംഭിച്ചത്. പയ്യന്നൂരില്‍ ഗാന്ധിപ്രതിമയുടെ കഴുത്തറുത്തു. കൊയിലാണ്ടിയില്‍ നിങ്ങളെ കൊടി കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ ഉയര്‍ത്തി. വാഴയുടെ കൂടെ കൊടിവെച്ചു. എവിടെയും കൊണ്ടുവെയ്ക്കാന്‍ പറ്റുന്ന മാന്യതയില്ലാത്ത സാധനമാണോ നിങ്ങളുടെ കൊടി. ഇതാണോ മാന്യത, ഇതാണോ നിങ്ങളുടെ സംസ്‌കാരം.' ടി. സിദ്ദീഖ് ചോദിച്ചു.