സൂരജ് പാലാക്കാരന്‍ അകത്തായി; കീഴടങ്ങിയ കൊച്ചി പൊലീസിന് മുന്നില്‍

സൂരജ് പാലാക്കാരന്‍ അകത്തായി; കീഴടങ്ങിയ കൊച്ചി പൊലീസിന് മുന്നില്‍



കൊച്ചി : യൂട്യൂബ് ബ്ലോഗര്‍ സൂരജ് പാലാക്കാരന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് അറസ്റ്റ്. കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. ക്രൈം വാരിക ഉടമ നന്ദകുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയ യുവതിക്ക് എതിരെ സൂരജ് പാലാക്കാരന്‍ മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്. സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സൂരജിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റു ചെയ്‌തെന്ന് കരുതുന്നില്ലെന്നും സൂരജ് പാലാക്കാരന്‍ പ്രതികരിച്ചു. അടിമാലി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും സൂരജ് ഒളിവില്‍ പോയിരുന്നു. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് സൂരജ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തുന്നത് കുറ്റകരമാണ് എന്നു നിരീക്ഷിച്ച കോടതി, ഹര്‍ജി തള്ളി. ഇതോടെ സൂരജ് പാലാക്കാരന്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.