അടുത്ത തവണ ഭരണംകിട്ടിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയാര്‍: തരൂര്‍
മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. തന്റെ അഭിപ്രായത്തില്‍ പല കാര്യങ്ങളും ചെയ്യാനുണ്ട്. എന്തായാലും രാഷ്ട്രീയത്തില്‍ വന്നു. പാര്‍ലമെന്റില്‍ നമ്മള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറയുന്നത് ഭരിക്കുന്നവര്‍ കേള്‍ക്കുന്നില്ല എന്നതൊരു സത്യമാണ്. നമ്മള്‍ പറയുന്ന അഭിപ്രായത്തില്‍ അവര്‍ക്ക് താല്‍പര്യം കാണിക്കേണ്ട കാര്യമില്ല. കേരളത്തില്‍ ജനങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങി അവര്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനും കേരളത്തെ നന്നാക്കാനും ഒരു അവസരം കിട്ടിയാല്‍ ഒരിക്കലും താന്‍ അതില്‍ നിന്ന് ഓടിപ്പോകില്ല. അങ്ങനെ ഒരു അവസരം ചാടിപ്പിടിക്കും. പക്ഷേ ഈ അവസരം ജനങ്ങള്‍ തരുന്നത് മാത്രമല്ല പാര്‍ട്ടി കൂടി തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തീരുമാനിക്കുന്നത് എന്നുളളത് രാഷ്ട്രീയ സങ്കല്‍പ്പത്തില്‍ നല്ല കാര്യമാണ്. അതിനൊപ്പം ആ രാഷ്ട്രീയ സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു വാഹനവും വേണമല്ലോ. ആ വാഹനമാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംഘടന. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ദേശീയ തലത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ശശി തരൂരിനെ പോലൊരാള്‍ വരണം എന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിന് അകത്തും പുറത്തുമുണ്ട്. കേരളത്തില്‍ ഇടത് പക്ഷവും കേന്ദ്രത്തില്‍ എന്‍ഡിഎയും തുടര്‍ഭരണം നേടിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് നേതൃനിരയില്‍ മാറ്റം വരുത്തി അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ശശി തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനോട് കോണ്‍ഗ്രസ് നേതൃനിരയിലെ പലര്‍ക്കും താല്‍പര്യമില്ല. ഇത്തരമൊരു അവസരം ലഭിച്ചാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തോടാണ് അദ്ദേഹം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.