അഴിമതിക്കെതിരായ നിലപാടാണ് ഗവർണറുടേത്; മുഖ്യമന്ത്രി അദ്ദേഹത്തോടു ക്ഷുഭിതനായിട്ട് കാര്യമില്ല: വി.മുരളീധരൻ

അഴിമതിക്കെതിരായ നിലപാടാണ് ഗവർണറുടേത്;  മുഖ്യമന്ത്രി അദ്ദേഹത്തോടു ക്ഷുഭിതനായിട്ട് കാര്യമില്ല: വി.മുരളീധരൻ

   ഭീഷണിപ്പെടുത്തി ഗവർണറെ നിശബ്ദനാക്കാം എന്നു കരുതുന്നുണ്ടെങ്കിൽ വെറുതെയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പാർട്ടിക്കമ്മിറ്റികളിൽ ഇതു ചെയ്ത് ശീലമുണ്ട്. പാർട്ടി കമ്മിറ്റികളിൽ അതു ചെയ്തോട്ടെ. രാജ്ഭവനെ അങ്ങനെ വിരട്ടിയിട്ട് നിശബ്ദമാക്കാം എന്നു വിചാരിച്ചു കഴിഞ്ഞാൽ, അത് നടക്കില്ലെന്നു മനസ്സിലാക്കണം.

അഴിമതിക്കെതിരായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ നയത്തിനൊപ്പം നിൽക്കുന്ന നിലപാടാണ് ഗവർണറുടേത്. അതുകൊണ്ട് മുഖ്യമന്ത്രി അദ്ദേഹത്തോടു ക്ഷുഭിതനായിട്ട് കാര്യമില്ലെന്നും ഭീഷണി മുഴക്കി ഗവര്‍ണറെ നിശബ്ദനാക്കാനാവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് എടുക്കുക എന്നത് നരേന്ദ്ര മോദി സർക്കാരിന്റെ നയമാണ്. ഇവിടെ ഗവർണർ എടുത്തിരിക്കുന്നതും അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാടാണ്. അതുകൊണ്ടുതന്നെ ആ നിലപാട് ജനങ്ങളുടെ താൽപര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ എത്തുന്ന വേദികളിൽ ജനം അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും സ്വീകരിക്കുന്നതും നിങ്ങൾ കാണുന്നുണ്ടാകുമെന്നും വി.മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി ചോദിക്കുന്നത് അദ്ദേഹത്തിന്റെ ഓഫിസിലെ സ്റ്റാഫിന്റെ ഭാര്യയ്ക്ക് ജോലിക്ക് അപേക്ഷിക്കാൻ അവകാശമില്ലേ എന്നാണ്. അപേക്ഷിക്കാനുള്ള അവകാശമൊക്കെയുണ്ട്. പക്ഷേ, നിയമത്തിന് അനുസരിച്ചിട്ടായിരിക്കണം നിയമനം. അല്ലാതെ സ്റ്റാഫിന്റെ ഭാര്യയാണ് എന്ന പ്രത്യേക പരിഗണന നൽകി നിയമിക്കുന്നത് അഴിമതിയാണ്.

മുഖ്യമന്ത്രി മുൻപും ഇത്തരം നിലപാട് കൈക്കൊണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസിലുള്ള വ്യക്തി കള്ളക്കടത്തിനു കൂട്ടുനിന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് ഞാനറിഞ്ഞിട്ടില്ല എന്നാണ്. അത് അദ്ദേഹത്തിന്റെ കഴിവില്ലായ്മയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.