ഹേമ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്ന് മന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്ന ഡബ്ല്യൂ സിസിക്കെതിരെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചാണ് തുടര്‍ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുകയെന്നതിനേക്കാള്‍ ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാര്‍ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
