തൊണ്ടി മുതൽ കേസ്: സർക്കാർ നിലപാട് നിർണ്ണായകം, ആന്റണി രാജുവിന് എന്തു സംഭവിക്കും ?
28 വർഷം പഴക്കമുള്ള മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിൽ വിചാരണ തുടങ്ങാനിരിക്കെ സർക്കാർ നിലപാട് നിർണ്ണായകം. കേസിൽ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉയർത്താതെ കേസ് നിലനിൽക്കില്ല. എന്നാൽ മന്ത്രിക്കെതിരായ കേസിൽ പ്രോസിക്യൂഷന് എത്രത്തോളം ഉറച്ചനിലപാടെടുക്കുമെന്നതിൽ സംശയം ബാക്കിയാണ്. സുതാര്യമായ സാക്ഷി വിസ്താരത്തിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നിയമവിദഗ്ധർ ചൂണ്ടികാട്ടുന്നു.
തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്. 2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷനൻ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരും. വർഷങ്ങള്‍ പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴികളും തെളിവുകളും കോടതിയിൽ സമർത്ഥിക്കണമെങ്കിൽ പ്രോസിക്യൂഷൻ അതിശക്തമായി വാദിക്കണം. സാക്ഷികളെ പഴയകാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കണം. നിലവിൽ ഒരു സർക്കാർ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത്. മന്ത്രിക്കെതിരായ കേസിൽ എത്രത്തോളം സർക്കാർ അഭിഭാഷകൻ വാദിക്കുമെന്നതാണ് ചോദ്യം.