സുധാകരനെ വിമര്‍ശിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിക്ക് പുറത്ത്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫിലിന്റെ സസ്പന്‍ഷനില്‍ സംഘടനയ്ക്കുള്ളില്‍ അമര്‍ഷം പുകയുന്നു. നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കള്‍ കോഴിക്കോട് ഡിസിസിയ്ക്ക് കത്തയച്ചു. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പുകഴ്ത്തിയ കെ സുധാകരനെ വിമര്‍ശിച്ചതിനാണ് ദുല്‍കിഫിലിനെതിരെ നടപടിയെടുത്തത്. ഈ കഴിഞ്ഞ 27ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കോഴിക്കോടെത്തി കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡിവൈഎഫ്‌ഐ പൊതിച്ചോറ് വിതരണം ചെയ്യുന്നത് മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞത്. അതിനെതിരെയാണ് ദുല്‍കിഫില്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയത്.
കൃപേഷിനെയും ശരത് ലാലിനെയുമൊക്കെ കൊലപ്പെടുത്തിയവര്‍ അതൊക്കെ മറച്ചുവെക്കാനാണ് ഇതൊക്കെ ചെയ്യുന്നത്. അവരില്‍ നിന്നൊന്നും മാതൃകയാക്കാനില്ല എന്നാണ് അദ്ദേഹം കുറിച്ചത്. തുടര്‍ന്നാണ് ദുല്‍കിഫിലിനെ സസ്പന്‍ഡ് ചെയ്തത്.