ഊരാളുങ്കലിന്റെ കമ്മിഷന്‍ സിപിഎമ്മിനും; സുധാകരന്‍

ഊരാളുങ്കലിന്റെ കമ്മിഷന്‍ സിപിഎമ്മിനും; സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പി!ഞ്ചുകുഞ്ഞാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ട് മറ്റ് കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതായും സുധാകരന്‍ ആരോപിച്ചു. പയ്യന്നൂരില്‍ ഫണ്ട് കൈകാര്യം ചെയ്തതില്‍ ജാഗ്രതക്കുറവ് ഉണ്ടായി എന്നാണ് സിപിഎം പറയുന്നത്.  ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം പറഞ്ഞാല്‍ കട്ടു എന്നാണ് അര്‍ത്ഥം. ഇക്കാര്യം സമ്മതിച്ച സിപിഎം, ടി.ഐ.മധുസൂധനനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. അഴിമതി പുറത്ത് കൊണ്ടുവന്ന ഏരിയാ സെക്രട്ടറിക്ക് രാഷ്ട്രീയം മതിയാക്കേണ്ടി വന്നു. 50 വര്‍ഷത്തെ പാരമ്പര്യമുളള നല്ല കമ്യൂണിസ്റ്റായ വി.കുഞ്ഞികൃഷ്ണന്‍ പോയിട്ടും സിപിഎമ്മിന് കുലുക്കമില്ലെന്നും സുധാകരന്‍ ആരോപിച്ചു. ഒരു ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചയാളെ അഴിമതിക്കാരനെ സംരക്ഷിക്കാന്‍ ബലിയാടാക്കി. ഈ വിഷയത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണം പ്രഹസനമാണ്. നിയമപരമായ അന്വേഷണത്തിനായി കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി.