ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് താഴേ വീഴുമോ? മധ്യപ്രദേശ് മോഡലുമായി ബിജെപി

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് താഴേ വീഴുമോ? മധ്യപ്രദേശ് മോഡലുമായി ബിജെപി



റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന ആരോപണത്തെ തുടര്‍ന്ന് റാഞ്ചിയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം. ആരോപണത്തിന് പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)യും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ന് റാഞ്ചിയിലെത്താന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കി. പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം മഹാസഖ്യ മുന്നണിയും യോഗം ചേരും. ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കരുനീക്കം തുടങ്ങിയെന്ന ആരോപണവുമായി മഹാസഖ്യം രംഗത്തുവന്നതാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമിട്ടത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരെ ബംഗാളില്‍ നിന്ന് പണവുമായി പിടികൂടിയതിന് പിന്നില്‍ ഓപ്പറേഷന്‍ ലോട്ടസ് ആണെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ ബിജെപി ഉപയോഗിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിനെ നിലനിര്‍ത്താനുളള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്.