കള്ളപ്പണം വെളിപ്പിച്ച ഡല്‍ഹി ആരോഗ്യമന്ത്രി പിടിയില്‍
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 4.81 കോടിയുടെ കള്ളപ്പണ ഇടപാടില്‍ സത്യേന്ദര്‍ ജെയ്ന്‍ പങ്കുചേര്‍ന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ സത്യേന്ദര്‍ ജെയ്‌നിന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള ചില സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സത്യേന്ദര്‍ ജെയ്ന്‍ തന്നെയാണ് ഇടപാടുകള്‍ക്ക് പിന്നിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സ്ഥിരീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അല്‍പസമയം മുന്‍പ് മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സത്യേന്ദര്‍ ജെയ്‌നിന്റെ നേതൃത്വത്തില്‍ ചില വ്യാജകമ്പനികള്‍ വഴി കൊല്‍ക്കത്തയിലെ ഒരു സ്ഥാപനത്തിലേക്ക് പണമെത്തിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ അറസ്റ്റ് ഡല്‍ഹി സര്‍ക്കാരിനും ആം ആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാണ്. കേസുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കുമെന്നും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടുമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കുന്ന വിവരം. സ്ഥലം വാങ്ങാനും വായ്പ തിരിച്ചടയ്ക്കാനുമാണ് കള്ളപ്പണം വിനിയോഗിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇ ഡിയെ പൂര്‍ണമായും തള്ളി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ആരോഗ്യമന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണമാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ലക്ഷ്യം വച്ചാണ് നടപടിയെന്ന് മനീഷ് സിസോദിയ പറഞ്ഞു.