മോദി സർക്കാരിനെ വിമർശിക്കുന്ന വാക്കുകൾക്ക് പാർലമെന്റിൽ വിലക്ക്

മോദി സർക്കാരിനെ വിമർശിക്കുന്ന വാക്കുകൾക്ക് പാർലമെന്റിൽ വിലക്ക്

പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, പാർലമെന്റിൽ സംസാരിക്കുന്ന ജനപ്രതിനിധികളുടെ വാക്കുകൾക്ക്  കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ.  പാർലമെന്റിൽ ഉപയോഗിക്കുന്നതിനു വിലക്കുള്ള ‘അൺപാർലമെന്ററി’യായിട്ടുള്ള വാക്കുകളുടെ പട്ടിക ലോക്സഭാ സെക്രട്ടറിയേറ്റ് വിപുലീകരിച്ചു. അഴിമതി, അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം തുടങ്ങി അറുപത്തഞ്ചോളം വാക്കുകളാണ് സർക്കാർ പുതിയതായി ‘അൺപാർലമെന്ററി’യായി പ്രഖ്യാപിച്ചത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് പ്രധാന ആക്ഷേപം.

കാപട്യം, കരിദിനം, കഴിവില്ലാത്തവൻ, ഏകാധിപതി, അരാജകവാദി, വഞ്ചന, കാപട്യം, പീഡിപ്പിക്കപ്പെടുന്നു, ലജ്ജിക്കുന്നു, ഖലിസ്ഥാനി, ശകുനി തുടങ്ങിയ വാക്കുകൾക്കും വിലക്കുണ്ട്. ലോക്സഭാ സെക്രട്ടറിയേറ്റാണ് ഈ വാക്കുകളെ ‘അൺപാർലമെന്ററി’ ആയി പ്രഖ്യാപിച്ചത്.
വാക്കുകൾ വിലക്കിയതിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. ആരൊക്കെ വിലക്കിയാലും ഈ വാക്കുകളെല്ലാം ആവശ്യാനുസരണം പാർലമെന്റിൽ ഉപയോഗിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാൻ വ്യക്തമാക്കി. അതിന്റെ പേരിൽ തന്നെ സസ്പെൻഡ് ചെയ്യാനും അദ്ദേഹം വെല്ലുവിളിച്ചു. ഇത് ജനാധിപത്യത്തിനായുള്ള പോരാട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.