32 വർഷമായി ഗാന്ധികുടുംബത്തിലെ ആരും മന്ത്രി പോലുമായില്ല; മോദി ഭയക്കുന്നതെന്തിന്?
കഴിഞ്ഞ 75 വർഷവും കോൺഗ്രസ് ജനാധിപത്യത്തെ സംരക്ഷിച്ചതുകൊണ്ടാണ് ഇന്ന് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയും അരവിന്ദ് കേജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രിയുമായിരിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ‘‘കഴിഞ്ഞ 75 വർഷം കോൺഗ്രസ് ഈ രാജ്യത്ത് ജനാധിപത്യം സംരക്ഷിച്ചു. ഇന്ത്യയ്ക്കുള്ള കോൺഗ്രസിന്റെ പ്രധാന സംഭാവനയും സമ്മാനവും അതുതന്നെയാണ്’’ – ഗെലോട്ട് പറഞ്ഞു.
കഴിഞ്ഞ 32 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽനിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ലെന്നിരിക്കെ, ഗാന്ധി കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയ്ക്ക് ഭയക്കുന്നത് എന്തിനെന്ന് അശോക് ഗെലോട്ട് ചോദിച്ചു. കോൺഗ്രസിനുള്ളിലെ കുടുംബാധിപത്യത്തെക്കുറിച്ച് പ്രധാനമന്ത്രി തുടർച്ചയായി വിമർശനമുയർത്തുന്ന സാഹചര്യത്തിലാണ് ഗെലോട്ടിന്റെ ചോദ്യം. എന്തുകൊണ്ടാണ് എല്ലാവരും എപ്പോഴും കോണ്‍ഗ്രസിനെ ആക്രമിക്കുന്നതെന്നും ഗെലോട്ട് ചോദിച്ചു.
ഇതിനെല്ലാം ഒറ്റക്കാരണമേ ഉള്ളൂ. സ്വാതന്ത്ര്യത്തിനു മുൻപും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയുടെയും കോൺഗ്രസിന്റെയും ഡിഎൻഎ ഒന്നു തന്നെയാണ്. എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളാൻ സാധിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’’ – ഗെലോട്ട് ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 20ന് പുതിയ കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനിരിക്കെ, പാർട്ടി പ്രവർത്തകരുടെ താൽപര്യം മനസ്സിലാക്കി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയാറാകണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു. ‘‘രാഹുൽ പാർട്ടി പ്രസിഡന്റ് പദം ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ, അത് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർക്ക് കനത്ത നിരാശ സമ്മാനിക്കുമെന്ന് തീർച്ചയാണ്. ഒട്ടേറെ ആളുകൾ വീടുകളിൽ ഒതുങ്ങിക്കൂടും. അതിന്റെ നഷ്ടം പാർട്ടിക്കായിരിക്കും. അതുകൊണ്ട് രാഹുൽതന്നെ സ്വന്തം ഇഷ്ടപ്രകാരം പ്രസിഡന്റ് പദം ഏറ്റെടുക്കണം’’ – ഗെലോട്ട് ആവശ്യപ്പെട്ടു.