600 വാ​ഗ്ദാനങ്ങളിൽ നൂറെണ്ണം പോലും നടപ്പായില്ല പ്രോ​ഗ്രസ് റിപ്പോർട്ട് മുഴുവൻ കള്ളം: വി.ഡി. സതീശൻ

ഒരു കള്ളം ആയിരം തവണ ആവർത്തിച്ച് സത്യമെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു

600 വാ​ഗ്ദാനങ്ങളിൽ നൂറെണ്ണം പോലും നടപ്പായില്ല പ്രോ​ഗ്രസ് റിപ്പോർട്ട് മുഴുവൻ കള്ളം: വി.ഡി. സതീശൻ

  ഒരു കള്ളം ആയിരം തവണ ആവർത്തിച്ച് സത്യമെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന തട്ടിപ്പാണ് സംസ്ഥാന മുഖ്യമന്ത്രി പണറായി വിജയനും ഇടതു മുന്നണിയും നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ സർക്കാർ മുന്നോട്ടുവച്ച 600 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 570 എണ്ണം നടപ്പാക്കി എന്നാണ് സർക്കാർ അവകാശവാദം. എന്നാൽ100 എണ്ണം പോലും സർക്കാർ നടപ്പാക്കിയിട്ടില്ല. ഇതേക്കുറിച്ച് വിശദമായ സംവാദത്തിന് പ്രതിപക്ഷം തയാറാണ്. മുഖ്യമന്ത്രി അതിനു തയാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. കേസരി സ്മാരകത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. പ്രോഗ്രസ് റിപ്പോർട്ടിലെ അവകാശവാദങ്ങളെല്ലാം കള്ളം മാത്രം. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ജനത്തെയും സർക്കാർ കബളിപ്പിക്കുകയാണ്. സർക്കാരിന്റെ അവകാശവാദങ്ങളിൽ പ്രതിപക്ഷം വിശദമായ പരിശോധന നടത്തി. ഇതുപോലെ കള്ളം പറയാൻ എന്തൊരു ധൈര്യമാണ് സർക്കാരിനെന്ന് അദ്ദേഹം ചോദിച്ചു. പ്രോഗ്രസ് റിപ്പോർട്ടിൽ സംവാദത്തിന് സർക്കാരിനെ വെല്ലു വിളിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. നാലു മേഖലകളായി വിദ​ഗ്ധരുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ മുപ്പതിൽപ്പരം വാ​ഗ്ദാനങ്ങളിലാണ് സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞത്. നൂറെണ്ണത്തിൽ താഴെ മാത്രമേ പരി​ഗണന എങ്കിലും നൽകിയുള്ളൂ എന്നും സതീശൻ കുറ്റപ്പെടുത്തി.