ചെര്‍ണോബില്‍ റേഡിയേഷനെ ഭയം; റഷ്യന്‍ സൈന്യം ഓടിയെന്ന് യുക്രൈന്‍
ചെര്‍ണോബില്‍ ആണവനിലയത്തില്‍ നിന്ന് പുറപ്പെടുന്ന ഉയര്‍ന്ന തോതിലുള്ള റേഡിയേഷന്‍ കാരണമാണ് റഷ്യന്‍ സൈന്യം അവിടെനിന്ന് ഓടിപ്പോയതെന്ന് യുക്രൈന്‍. യുക്രേനിയന്‍ സ്റ്റേറ്റ് പവര്‍ കമ്പനിയായ എനെര്‍ഗോട്ടോം ആണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്. കമ്പനിയുടെ ആരോപണം യുഎന്‍ ന്യൂക്ലിയര്‍ വാച്ച്ഡോഗ് അന്വേഷിക്കുന്നുണ്ട്. ആണവനിലയത്തിനരികിലെ വനത്തില്‍ റഷ്യന്‍ സൈന്യം കിടങ്ങ് കുഴിച്ചെന്ന് എനെര്‍ഗോട്ടോം ആരോപിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റേഡിയേഷന്‍ ഏറ്റതിനാല്‍ സൈനികര്‍ പേടിച്ചെന്നും അവര്‍ വേഗം അവിടെനിന്ന് മടങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. റേഡിയേഷന്‍ ഏറ്റ റഷ്യന്‍ സൈനികരെ ബലാറസിലെ പ്രത്യേക ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവനിലയത്തിനരികിലൂടെ ടാങ്ക് ഓടിച്ച ഇവര്‍ക്ക് റേഡിയേഷന്‍ ഏറ്റു എന്നാണ് റിപ്പോര്‍ട്ട്. യുക്രേനിയന്‍ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്ചുകും ഇതേ ആരോപണം ഉന്നയിച്ചു. റഷ്യക്കാര്‍ക്ക് റേഡിയേഷന്‍ ഏറ്റു എന്ന് അവര്‍ പറഞ്ഞു. അതേസമയം, റഷ്യന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഈ നീക്കങ്ങളെ ശക്തമായി അപലപിച്ച് അമേരിക്ക രംഗത്തെത്തി. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള നീക്കം വളരെ നിരാശാജനകമാണെന്ന് യു എസ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി പ്രസ്താവിച്ചു. റഷ്യയ്ക്കുമേല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ പ്രസ്താവന. ഉപരോധത്തിനിടെ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളും പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് അമേരിക്ക മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.