ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ ഏറ്റുമുട്ടൽ കൊലപാതകം വ്യജമെന്ന് റിപ്പോർട്ട്. സുപ്രീംകോടതി നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ.
കൊല്ലപെട്ടവരിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണെന്നും 10 പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി ശിപാർശ ചെയ്തു.
2019 ഡിസംബർ ആറിനാണ് നാല് പ്രതികളെ വെടിവച്ചുകൊന്നത്. വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ പ്രതികൾ കൊല്ലപ്പെട്ടെന്നായിരുന്നു പോലീസ് വാദം.
എന്നാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവം വെടിയുതിർക്കുകയായിരുന്നെന്നാണ് സമിതിയുടെ കണ്ടെത്തൽ. പോലീസ് 20 വയസുകാരെന്നു പറഞ്ഞ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ ആയിരുന്നെന്നും സമിതി വ്യക്തമാക്കി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സുപ്രീംകോടതി തെലങ്കാന ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. സുപ്രീംകോടതി മുൻ ജഡ്ജി വി.എസ്. സിർപുർകറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടേതാണ് റിപ്പോർട്ട്.