വിദ്വേഷ പോസ്റ്റ് ഒമ്പത് പേർക്കെതിരെ കേസെടുത്തു
ഡൽഹി പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്
സാമൂഹ്യമാധ്യമങ്ങളിൽ പ്രകോപനകരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് മാധ്യമപ്രവർത്തകയടക്കം 9 പേർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും, ക്രമസമാധാനം തകർക്കാൻ വിവിധ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചതിനുമാണ് ഇവരെ പ്രതികളാക്കിയിരിക്കുന്നത്.പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ, പുറത്താക്കിയ ഡൽഹി ബിജെപി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാൽ, ശിവലിംഗിനെക്കുറിച്ച് വിവാദ ട്വീറ്റ് ചെയ്ത പീസ് പാർട്ടിയുടെ മുഖ്യ വക്താവാണ് ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തക സബാ നഖ്‌വി, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, അബ്ദുർ റഹ്മാൻ, അനിൽകുമാർ മീണ, ഗുൽസാർ അൻസാരി എന്നിവർക്കെതിരെയാണ് കേസ്. വിവിധ മതങ്ങളിൽപ്പെട്ടവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഐഎഫ്എസ്‌സി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. ക്രമസമാധാനം തകർക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ പങ്ക് പ്രത്യേക സെൽ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വിവാദ പരാമർശത്തിൽ നൂപുർ ശർമയ്ക്ക് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഈ മാസം 22ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.