ജോൺ പോളിന് കണ്ണീരോടെ വിട, സംസ്കാര ചടങ്ങുകൾ പൂർത്തിയായി

ജോൺ പോളിന് കണ്ണീരോടെ വിട, സംസ്കാര ചടങ്ങുകൾ പൂർത്തിയായി

ഇന്നലെ ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോൺ പോളിന്റെ അന്ത്യം

 മലയാള സിനിമയ്ക്ക് സമ്പന്നമായ തിരക്കഥകൾ സമ്മാനിച്ച ജോൺ പോൾ ഇനി ഓർമ്മ. കൊച്ചി എളംകുളത്തെ സെന്‍റ് മേരീസ് സുനോറോ സിംഹാസന പള്ളിയില്‍ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. യാക്കോബായ സുറിയാനി സഭ മെത്രോപൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ മുതൽ മരടിലെ വീട്ടിലും, ചാവറ കൾച്ചറൽ സെന്‍ററിലും എറണാകുളം ടൗൺ ഹാളിൽ രാവിലെ 11ഓടെ നടന്ന പൊതുദർശനത്തിൽ സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേരാണ് ജോൺ പോളിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.
ഐവി ശശിയുടെ 'ഞാൻ, ഞാൻ മാത്രം' എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് ജോൺ പോൾ മലയാള സിനിമയിൽ തുടക്കമിടുന്നത്. ഭരതന്റെ 'ചാമര'ത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രംഗത്തും സജീവമായി. മലയാളത്തിൽ പ്രമുഖരായ ഭരതൻ, ഐ വി ശശി, മോഹൻ, ഭരത് ഗോപി, പി ജി വിശ്വംഭരൻ, സത്യൻ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങൾക്ക് രചയിതാവായി. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിർമ്മിച്ചു, അതിന് ദേശീയ-സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു. 2014-ൽ ഗ്യാങ്സ്റ്റർ, 2017-ൽ സൈറാബാനു എന്നീ സിനിമകളിൽ അഭിനേതാവായും രംഗത്തെത്തി.