റിയലിസ്റ്റിക് സിനിമ വിവരണത്തിന്റെ വേറിട്ട അനുഭവം പകര്‍ന്ന് കുറ്റവും ശിക്ഷയും; റിവ്യൂ വായിക്കാം

റിയലിസ്റ്റിക് സിനിമ വിവരണത്തിന്റെ വേറിട്ട അനുഭവം പകര്‍ന്ന് കുറ്റവും ശിക്ഷയും; റിവ്യൂ വായിക്കാം

അഞ്ജലി ദാമോദരന്‍

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം, മറ്റൊരു രാജീവ് രവി ചിത്രം ആ ഒരു പ്രതീക്ഷയോട് കൂടി തന്നെയാവണം ഓരോ പ്രേക്ഷകനും കുറ്റവും ശിക്ഷയും എന്ന ആസിഫ് അലി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം കാണാൻ തിയറ്ററിൽ എത്തുന്നത്. അതേസമയം കമ്മട്ടിപ്പാടം, അന്നയും റസൂലും, തുടങ്ങിയ മറ്റു രാജീവ് രവി ചിത്രങ്ങൾ പ്രേക്ഷകന് നൽകിയിട്ടുള്ള അനുഭൂതിയിൽ നിന്നും തികച്ചും വ്യത്യാസ്തമായ ഒരു അനുഭവമാണ് കുറ്റവും ശിക്ഷയും കാഴ്ചക്കാരന് നൽകുന്നത്.

2016 ഒക്‌ടോബർ നാലിന് കാസർഗോഡ് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയിൽ നടന്ന മോഷണവും തുടർന്ന്  പ്രതികളെ തേടി കേരളാ പോലീസിലെ ഒരു  സംഘം ഉത്തരേന്ത്യയിലേക്ക് നടത്തിയ യാത്രയും സംഭവവികാസങ്ങളും  ചിത്രത്തിന്റെ കാതൽ. 

ഒരു യഥാർത്ഥ സംഭവം സിനിമയാകുമ്പോൾ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം എങ്ങനെയായിരിക്കും, എവിടെയൊക്കെ ഹീറോസിസവും മാസ് എൻട്രികളും തിരുകി കയറ്റും എന്നൊക്കെയുള്ള ആകാംഷ പ്രേക്ഷകനിൽ ഉണ്ടായിരിക്കണം. എന്നാൽ റിയലിസ്റ്റിക് അവതരണശൈലിയിലൂടെ പ്രേക്ഷകന്റെ മനസ്സ് കീഴ്പെടുത്തിയിരിക്കുകയാണ് രാജീവ് രവി എന്ന സംവിധായകൻ.

തന്റെ ജീവിതത്തിൽ നടന്ന സംഭവത്തെ പൊടിപ്പും തൊങ്ങലും ഉൾപ്പെടുത്താതെ തന്നെ തിരക്കഥയാക്കി മാറ്റിയ അന്നത്തെ അന്വേഷണ സംഘത്തിനെ നയിച്ച പോലീസ് ഇൻസ്‌പെക്ടറും നടനുമായ സിബി തോമസ്  മികച്ച കയ്യടി അർഹിക്കുന്നുണ്ട്. അദ്ദേഹവും ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

അതിഗംഭീരമായ സംഘടനവും, വിറപ്പിക്കുന്ന ഡയലോഗുകളും, രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളും ഒന്നും ഇല്ലാത്ത തന്നെ സാധാരണക്കാരായ പോലീസുകാരുടെ കഥ പറഞ്ഞു പോവുകയാണെങ്കിലും പ്രേക്ഷകന്റെ കയ്യടി നേടിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ചിത്രം. കയ്യടി കിട്ടാൻ അതിസാഹസികത കാണിക്കുന്നവരല്ല സാജൻ ഫിലിപ്പ്, ബഷീർ, രാജേഷ്, രാജീവ്, എബിൻ എന്നീ അഞ്ചു പോലീസുകാർ, സ്വന്തം സഹപ്രവത്തകരിൽ നിന്നും പോലും നേരിടേണ്ടി വരുന്ന അവഗണനയും ജീവിതത്തിലെ പ്രാരാബ്‌ധങ്ങളും മറ്റു പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുന്ന വെറും സാധാരണക്കാരായ പോലീസുകാർ മാത്രാണ് ഇവർ. ആസിഫ് അലി, അലൻസിയർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ  എന്നിവരാണ് ആ സാധാരക്കാരായ പോലീസുകാരായി എത്തുന്നത്. അഞ്ചുപേരും തങ്ങളുടെ കഥാപാത്രത്തോട് പൂർണ നീതി പുലർത്തുകയും വളരെ തന്മയത്തോട് കൂടി തന്നെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ആസിഫ് അലി എന്ന നടന്റെ കരിയറിലെ മികച്ച ഒരു പോലീസ് വേഷം തന്നെയാണ് സാജൻ ഫിലിപ്. ഏതൊരു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമായിരിക്കും എന്ന് ആസിഫ് ഒരിക്കൽ കൂടി തെളിയിക്കുന്നുണ്ട്. 

പതിവ് രാജീവ് രവി ചിത്രങ്ങളിൽ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് കേൾക്കാൻ കഴിയുന്നതെങ്കിൽ കുറ്റവും ശിക്ഷയിലും എത്തിനിൽക്കുമ്പോൾ പശ്ചാത്തല സംഗീതത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയുന്നുണ്ട്. മൃദുവായ ഒഴുക്കിലൂടെ പോകുന്ന ആ പശ്ചാത്തല സംഗീതം ചിത്രത്തിന് ഏറെ അനുയോജ്യം തന്നെയാണ്. ഡോൺ വിൻസന്റിന്റെ പശ്ചാത്തല സംഗീതവും തപസ് നായിക്കിന്റെ സൗണ്ട് ഡിസൈനും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് തന്നെ കൊണ്ട് പോകുന്നുണ്ട്.

സിനിമോട്ടോഗ്രാഫിയാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ് തന്നെയാണ്. പരിചിതമല്ലാത്ത ഉത്തരേന്ത്യൻ ഗ്രാമവഴികളിലൂടെയുള്ള ഈ അഞ്ചു പോലീസുകാരുടെ വെല്ലുവിളി നേരിടുന്ന യാത്രയുടെ നേർ ചിത്രം വരച്ചു നൽകുകയാണ് സുരേഷ് രാജൻ എന്ന ഛായാഗ്രാഹകൻ. ഇവയോടൊപ്പം രാജീവ് എന്ന സംവിധായകന്റെ ബ്രില്യൻസ് കൂടി ചേരുമ്പോൾ ഒരു പ്രൊ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി തന്നെ സിനിമ മാറുന്നുണ്ട്.