പോളിങ് കഴിഞ്ഞു; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

പോളിങ് കഴിഞ്ഞു; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

കൊച്ചി: കേരളം മുഴുവൻ ചർച്ച ചെയ്ത വിഷയങ്ങളും വിവാദങ്ങളും കടന്ന് തൃക്കാക്കര വിധിയെഴുതി. പോളിംഗ് സമയം അവസാനിച്ചു. മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും നൽകുന്ന പോളിംഗ് ശതമാനത്തിൽ ഇനി കണക്കുകൂട്ടലിന്‍റെ സമയമാണ്. മുന്നണികളുടെ കണക്ക് മറികടന്നുള്ള പോളിങാണ് തൃക്കാക്കരയിൽ നടന്നത്. കൊച്ചി കോർപറേഷന് കീഴിലെ വാർഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതൽ മികച്ച പോളിങ് നടന്നു. ഇവിടെ ഉച്ചയ്ക്ക് ശേഷം പോളിങ് പെട്ടെന്ന് മന്ദഗതിയിലായത് പോളിങ് ശതമാനത്തെ നേരിയ തോതിൽ ബാധിച്ചു. എങ്കിലും ഇക്കുറി കഴിഞ്ഞ തവണത്തേക്കാൾ മികച്ച പോളിങ് ഉണ്ടാകുമെന്നാണ്  പ്രതീക്ഷിക്കപ്പെടുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. പ്രശ്നങ്ങളില്ലാതെയാണ് തൃക്കാക്കരയിൽ പോളിങ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയിൽ പൊലീസ് പിടികൂടിയതൊഴിച്ചാൽ കാര്യമായ യാതൊരു അനിഷ്ട സംഭവങ്ങളും വോട്ടിങിന്റെ ഒരു ഘട്ടത്തിലും ഉണ്ടായില്ല. ഫലം ആർക്ക് അനുകൂലമായാലും കേരളത്തിൽ അതൊരു ഭരണമാറ്റത്തിന് കാരണമാകില്ലെങ്കിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തരത്തിലേക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാറിയിരുന്നു. രാഷ്ട്രീയ പോരാട്ടം കനത്ത ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിന്റെ പ്രതിഫലനമായി വോട്ടെടുപ്പും മാറി. ആവേശത്തോടെയാണ് പോളിങിനോട് വോട്ടർമാർ പ്രതികരിച്ചത്.