ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് 

ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് 

കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്ന ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അന്താരാഷ്ട്ര നിരീക്ഷകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹമാധ്യമങ്ങള്‍ക്കാണ് വിലക്ക്. വെള്ളി അര്‍ധരാത്രി പ്രസിഡന്റ് ഗോതബായ രജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിന് പൂര്‍ണ നിയന്ത്രണം നല്‍കുന്ന അടിയന്തരാവസ്ഥയ്ക്കു പിന്നാലെയാണ് കര്‍ഫ്യൂ. ശനി വൈകിട്ട് ആറുമുതല്‍ തിങ്കള്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രക്ഷോഭകരെ വിരട്ടാനാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം ജനത്തിനുണ്ടെന്നും പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ പറഞ്ഞു. അറബ് വസന്തത്തിനു സമാനമായ പ്രക്ഷോഭത്തിനാണ് വഴിയൊരുങ്ങുന്നത്. കര്‍ഫ്യൂവായതോടെ അവശ്യസാധനത്തിനായി ജനം തെരുവില്‍ പരക്കംപായുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നിനുമായി കടകള്‍ക്ക് മുന്നില്‍ ശനി പകല്‍ നീണ്ടവരികളായിരുന്നു. ഇന്ത്യയില്‍നിന്ന് 40,000 ടണ്‍ ഡീസല്‍ എത്തിയതോടെ നിശ്ചലമായിരുന്ന ബസ് സര്‍വീസ് അടക്കമുള്ള പൊതുഗതാഗത സംവിധാനം വീണ്ടും സജീവമാകും.