ശ്രീലങ്കയില്‍ പ്രതിഷേധം ഇരമ്പുന്നു; 45 പേര്‍ അറസ്റ്റില്‍

ശ്രീലങ്കയില്‍ പ്രതിഷേധം ഇരമ്പുന്നു; 45 പേര്‍ അറസ്റ്റില്‍


കൊളംബോ: ശീലങ്കയില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സയുടെ വസതിക്കരികെ പ്രതിഷേധം നടത്തിയ 45 പേര്‍ അറസ്റ്റില്‍. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി കൊളംബോയിലെ വിവിധ ഇടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ കര്‍ഫ്യൂ നീക്കിയെന്ന് ആഭ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അഞ്ച് പൊലീസ് ഓഫീസര്‍മാര്‍ക്ക് പരുക്ക് പറ്റിയതായി പൊലീസ് വക്താവ് അറിയിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പൊലീസ് ബസ്, ജീപ്പ്, 2 ബൈക്കുകള്‍ എന്നിവ പ്രതിഷേധക്കാര്‍ നശിപ്പിച്ചു എന്നും പൊലീസ് വക്താവ് പറഞ്ഞു. പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജപക്‌സ കുടുംബത്തിലെ എല്ലാവരും സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സാമ്പത്തിക അടിയന്തിരാവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യ സഹായ വാഗ്ധാനം നല്‍കിയിരുന്നു. ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍.